തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോള്‍ ഓഫീസില്‍ കഴിഞ്ഞ ദിവസം തീ പിടിച്ചതിനെതിരെ യുഡിഎഫ് സമരം ചെയ്യുന്നതിനിടെ പുറത്ത് വന്ന വാര്‍ത്ത കോണ്‍ഗ്രസ്സിനെ സമ്മര്‍ദ്ദത്തിലാക്കുകയാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും സെക്രട്ടറിയറ്റില്‍ തീപിടിത്തം ഉണ്ടായിരുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാവുന്നത്. ഉമ്മന്‍ ചാണ്ടിയുടെ അഞ്ചു വര്‍ഷത്തെ ഭരണത്തിനിടെ മുഖ്യമന്ത്രിയുടെ ഓഫീസ് അടക്കം തീപിടിച്ചത് ആറ് തവണ.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസിന്റെ ഭാഗമായ നോര്‍ത്ത് ബ്ലോക്കിലെ നാലാം നിലയില്‍ 5-8- 12 ന് രാത്രി തീപിടിത്തം ഉണ്ടായി. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്നായിരുന്നു ഔദ്യോഗിക റിപ്പോര്‍ട്ട്. ആരോഗ്യ മന്ത്രി വിഎസ് ശിവകുമാറിന്റെ ഓഫീസില്‍ തീപിടിത്തം ഉണ്ടായത് 20-3 -2014 നാണ്.
സെക്രട്ടറിയേറ്റ് അനക്സിലെ പിആര്‍ഡി ഓഫീസ് സെക്ഷനിലും യുഡിഎഫ് ഭരണകാലത്ത് തീപിടിത്തം ഉണ്ടായി. 6-9-12 നായിരുന്നു ഇത്. 20-6-2014 ന് നോര്‍ത്ത് സാന്‍ഡ്വിച്ച് ബ്ലോക്കിലെ സര്‍വ്വര്‍ റൂമില്‍ തീപിടിത്തം ഉണ്ടായി. 17- 6-15 ന് നോര്‍ത്ത് ബ്ലോക്കിലെ ഗ്രൗണ്ട് ഫ്‌ലോറില്‍ ഇലക്ട്രിക് റൂമില്‍ തീപിടിച്ചു. ക്യാബിനറ്റ് റൂമിലെ എസി യുടെ സ്വിച്ചിലെ പ്രശ്നം ആയിരുന്നു തീപിടുത്ത കാരണം. 14-10-2015 ല്‍ അനക്സ് മന്ദിരത്തിലെ സെര്‍വര്‍ റൂമില്‍ ബാറ്ററികള്‍ പൊട്ടിതെറിച്ചു.
സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോള്‍ ഓഫീസില്‍ തീപിടിച്ചതിനെതിരെ നടന്ന സമരത്തില്‍ മുന്‍നിരയില്‍ ഉണ്ടായിരുന്ന തിരുവനന്തപുരം എംഎല്‍എ വിഎസ് ശിവകുമാറിന്റെ ഓഫീസില്‍വരെ അക്കാലത്ത് തീപിടിത്തം ഉണ്ടായിട്ടുണ്ട് എന്ന് രേഖകള്‍ തെളിയിക്കുന്നു. വിഎസ് ശിവകുമാര്‍ അന്ന് ആരോഗ്യ മന്ത്രിയായിരുന്നു
പ്രോട്ടോകോള്‍ പൊളിറ്റിക്സ് വിഭാഗത്തില്‍ ആദ്യം തീ പിടിച്ചത് പഴയ ഫാനിനായിരുന്നു എന്ന് ഇപ്പോള്‍ റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. പൊതുഭരണ വകുപ്പിലെ ഒരു ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ഈ സെക്ഷന്‍ അണുനശീകരണത്തിനെത്തിയവര്‍ ഫാന്‍ ഓഫാക്കാന്‍ മറന്നതിനെത്തുടര്‍ന്ന് ഷോര്‍ട്ട് സര്‍ക്യൂട്ട് വഴി കത്തുകയായിരുന്നു. ഇവ ഷെല്‍ഫിന് മുകളില്‍ വീണാണ് തീപിടിച്ചത്. കേടായിരുന്ന ഈ ഫാന്‍ മാറ്റാന്‍ നേരത്തേ എഴുതി കൊടുത്തിരുന്നു എന്നും റിപ്പോര്‍ട്ട് ഉണ്ട്.