തിരുവനന്തപുരം: സെക്രട്ടറിയേറ്റില പൊതുഭരണവിഭാഗത്തിൽ തീപ്പിടിത്തമുണ്ടായ ഉടനെ തന്നെ സംഭവസ്ഥലത്തേക്ക് പാഞ്ഞെത്തിയവർക്കെതിരെ അന്വേഷണം. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ അടക്കമുള്ളവർക്ക് എതിരെയാണ് അന്വേഷണം. സെക്രട്ടറിയേറ്റിലുണ്ടായ സുരക്ഷാ വീഴ്ച കണ്ടെത്താനാണ് സുരേന്ദ്രനുൾപ്പടെ തീപ്പിടുത്തമുണ്ടായ ഉടനെ സെക്രട്ടറിയേറ്റിലേക്ക് എത്തിയവർക്കെതിരെ അന്വേഷണം നടത്തുന്നത്.
തീപ്പിടുത്തമുണ്ടായതിന് പിന്നാലെ ചീഫ് സെക്രട്ടറി താഴെ എത്തുന്നതിന് മുമ്പുതന്നെ ബിജെപി സംസ്ഥാന അധ്യക്ഷനും നേതാക്കളും എങ്ങനെ അവിടെയെത്തി എന്ന കാര്യം സംശയകരമാണെന്ന് ഇന്ന് ചേർന്ന മന്ത്രിസഭായോഗം വിലയിരുത്തിയിരുന്നു. എന്തെങ്കിലും തരത്തിലുളള ഗൂഢാലോചന ഇക്കാര്യത്തിൽ ഉണ്ടായിട്ടുണ്ടോ എന്ന് സർക്കാരിന് സംശയമുണ്ട്. തീപ്പിടുത്തം ഉണ്ടായതു സംബന്ധിച്ച് അന്വേഷണം നടത്തുന്ന എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുളള അന്വേഷണസംഘം ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും ഗൂഢാലോചനയുണ്ടായിട്ടുണ്ടോ എന്നുകൂടി അന്വേഷിക്കണമെന്നാണ് മന്ത്രിസഭയുടെ നിർദേശം.
സെക്രട്ടറിയേറ്റിലേക്ക് ആർക്കും കയറിവരാവുന്ന സ്ഥിതി ഇപ്പോഴുണ്ട്. അതിനാൽ അന്വേഷണ റിപ്പോർട്ട് വരുന്നതിനൊപ്പം സെക്രട്ടറിയേറ്റിന്റെ സുരക്ഷ വർധിപ്പിച്ചുകൊണ്ടുളള തീരുമാനവുമുണ്ടാകും.
അതേസമയം, സെക്രട്ടറിയേറ്റിൽ സുരക്ഷാവീഴ്ച ഉണ്ടായതിന് തനിക്കെതിരെയല്ല മുഖ്യമന്ത്രിക്കെതിരെയാണ് കേസെടുക്കേണ്ടതെന്ന് സുരേന്ദ്രൻ പറഞ്ഞു. പൊതുജനങ്ങളും മാധ്യമപ്രവർത്തകരും അവിടെ ഉണ്ടായിരുന്നപ്പോഴാണ് സെക്രട്ടറിയേറ്റിൽ താൻ എത്തിയത്. മാധ്യമങ്ങളിൽ കണ്ട വാർത്തയുടെ അടിസ്ഥാനത്തിലാണ് താൻ അവിടെയെത്തിയതെന്നും തന്റെ ഓഫീസും സംഭവസ്ഥലവും തമ്മിൽ വലിയ ദൂരമില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
Discussion about this post