തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രോട്ടോകോള്‍ ഓഫീസില്‍ ഉണ്ടായ തീപിടിത്തത്തില്‍ കത്തി നശിച്ചത് മുന്‍ വിജ്ഞാപനങ്ങളും അതിഥി മന്ദിരങ്ങളില്‍ മുറികള്‍ ബുക്ക് ചെയ്തതിന്റെ രേഖകളുമെന്ന് പോലീസ്. കണ്‍ഡോണമന്റ് പോലീസ് തയ്യാറാക്കിയ എഫ്‌ഐആറിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. അഡീഷണല്‍ സ്റ്റേറ്റ് പ്രോട്ടോകോള്‍ ഓഫീസറുടെ പരാതിയിലാണ് കണ്‍ഡോണമന്റ് പോലീസ് കേസെടുത്തിട്ടുള്ളത്.
ഇന്നലെ വൈകിട്ടാണ് സെക്രട്ടേറിയറ്റിലെ പ്രോട്ടോകോള്‍ ഓഫീസില്‍ തീപിടുത്തമുണ്ടായത്. സ്വിച്ചില്‍ നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് തീപിടുത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടിച്ച ഫാന്‍ നിലത്തുവീണിരുന്നു.അതേസമയം കേസില്‍ പോലീസ് സംഘവും ഉദ്യോഗസ്ഥ സംഘവും സെക്രട്ടറിയേറ്റില്‍ തെളിവെടുപ്പ് നടത്തി.
ഫോറന്‍സിക് സംഘവും ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. ഫോറന്‍സിക് റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ അന്തിമ വിലയിരുത്തലില്‍ എത്താനാകൂ എന്നാണ് അന്വേഷണ സംഘങ്ങളുടെ പ്രതികരണം. അന്വേഷണ ഉദ്യോഗസ്ഥനായ എഡിജിപി മനോജ് എബ്രഹാമിന്റെ ദുരന്ത നിവാരണ കമ്മീഷണര്‍ എ.കൗശിക്കിന്റെ നേതൃത്വത്തിലുള്ള സംഘവമാണ് നോര്‍ത്ത് സാന്‍ഡ്വിച്ച് ബ്ലോക്കിലെ രണ്ടാം നിലയില്‍ തെളിവെടുപ്പ് നടത്തിയത്. രാവിലെ ഏഴ് മണിക്ക് തന്നെ തെളിവെടുപ്പ് തുടങ്ങി. ഇന്നലെ തന്നെ തീപ്പിടുത്തമുണ്ടായ സ്ഥലം അന്വേഷണ സംഘം സീല്‍ ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു.