വീട്ടില്‍ പ്രസവ വാര്‍ഡൊരുക്കി, ഷീബ പ്രസവിച്ചു, മാലാഖമാരെപ്പോലെ എത്തിയത് ശരത്തും റൂബിനും

ആലപ്പുഴ: ആംബുലന്‍സ് എമര്‍ജന്‍സി ടെക്‌നിഷ്യന്റെയും ഡ്രൈവറുടെയും മനഃസാന്നിധ്യം അമ്മയുടെയും കുഞ്ഞിന്റെയും ജീവനു തുണയായി. ഗര്‍ഭിണിയായ ഷീബയെ ആശുപത്രിയിലെത്തിക്കാന്‍ വീട്ടിലെത്തിയ ഇരുവരും പ്രസവസമയം അടുത്തതോടെ ഷീബയ്ക്ക് വീട്ടില്‍ത്തന്നെ പ്രസവസൗകര്യം ഒരുക്കുകയായിരുന്നു.

ശരത് കൃഷ്ണ എന്ന ആംബുലന്‍സ് എമര്‍ജന്‍സി ടെക്‌നിഷ്യനും റൂബന്‍ മെന്‍ഡസ് എന്ന ആംബുലന്‍സ് ഡ്രൈവറുമാണ് കോമളപുരം കണിയാംപറമ്പില്‍ ഷീബ ജെറിന്റെയും കുഞ്ഞിന്റെയും ജീവന്‍ രക്ഷിച്ചത്. രാത്രി 12.30നു വന്ന ഒരു ഫോണ്‍കോളാണ് ശരത് കൃഷ്ണയെയും റൂബന്‍ മെന്‍ഡസിനെയും കോമളപുരത്തെ വീട്ടിലെത്തിച്ചത്.

ഷീബയെ ആശുപത്രിയിലെത്തിക്കാനായിരുന്നു ഇരുവരും ഇവിടേക്ക് എത്തിയത്. 12.35ന് ഇരുവരും എത്തുമ്പോഴേക്കും ആശുപത്രിയിലേക്കു മാറ്റാന്‍ പോലുമാകാത്ത സ്ഥിതിയിലായി ഷീബ. ഭര്‍ത്താവ് ജെറിനും മൂത്തമകള്‍ സേറയും ജെറിന്റെ അമ്മയും വീട്ടിലുണ്ടായിരുന്നു.

രാത്രി വൈകിയതിനാല്‍ മറ്റുവാഹനങ്ങളില്ല. സഹായത്തിനെത്താനും ആരുമില്ല. പരിശോധനയില്‍, പ്രസവസമയം അടുത്തെന്നു മനസിലായതോടെ ശരത് വീട്ടില്‍ത്തന്നെ പ്രസവത്തിനുള്ള സൗകര്യം ഒരുക്കി. മുന്‍പ് ബെംഗളൂരുവിലടക്കം വിവിധ ആശുപത്രികളില്‍ നഴ്‌സായിരുന്ന പരിചയമാണ് തുണയായത്.

അതിവേഗം മുറി പ്രസവത്തിനായി സജ്ജീകരിച്ചു. കുഞ്ഞിനെ പുറത്തെടുത്തശേഷം പൊക്കിള്‍ക്കൊടി മുറിച്ചതും ശരത് തന്നെയാണ്. രക്തസ്രാവം ഒഴിവാക്കാനായി ആശുപത്രികളില്‍ ചെയ്യുന്ന അതേ രീതിയില്‍ ക്ലാംപ് ചെയ്തു. ഇതിനുള്ള ക്ലിപ് ഇല്ലാതിരുന്നതിനാല്‍, രക്തസ്രാവമുണ്ടാകാത്ത രീതിയില്‍ മറ്റൊരു ക്ലിപ് ഉപയോഗിച്ചു.

തുടര്‍ന്നു കുഞ്ഞിന്റെ ശരീരം വൃത്തിയാക്കി തുണിയില്‍ പൊതിഞ്ഞ് പിതാവ് ജെറിനു കൈമാറി. ഷീബയുടെ രക്തസമ്മര്‍ദ്ദവും മറ്റും പരിശോധിച്ചശേഷം തുടര്‍ ശുശ്രൂഷകള്‍ നല്‍കി. ആംബുലന്‍സില്‍ ഉണ്ടായിരുന്ന മരുന്നുകളും ഡ്രസിങ് മെറ്റീരിയലും ഉപയോഗിച്ചു ബ്ലീഡിങ് തടഞ്ഞു.

ഇതെല്ലാം 20 മിനിറ്റിനകം പൂര്‍ത്തിയാക്കി ഒരുമണിയോടെ ഷീബയും കുഞ്ഞുമായി കടപ്പുറം വനിതാശിശു ആശുപത്രിയിലേക്ക്. 15 മിനിറ്റുകൊണ്ട് ഇരുവരെയും ആശുപത്രിയിലെത്തിച്ചു. ഗൈനക്കോളജിസ്റ്റിനെ നേരിട്ടു കണ്ടു കാര്യങ്ങള്‍ ധരിപ്പിച്ച ശേഷമാണ് ഇരുവരും മടങ്ങിയത്.

വനിതാശിശു ആശുപത്രിയിലെ വാര്‍ഡിലുള്ള ഷീബയും കുഞ്ഞും ഇപ്പോള്‍ സുഖമായിരിക്കുന്നു നാളെ ആശുപത്രി വിടാമെന്നാണ് പ്രതീക്ഷ.സംസ്ഥാന സര്‍ക്കാരിന്റെ കനിവ് പദ്ധതിയുടെ ഭാഗമായാണ് ജില്ലാ ആശുപത്രിക്കു കീഴിലുള്ള 108 ആംബുലന്‍സില്‍ എമര്‍ജന്‍സി ടെക്‌നിഷ്യനായി ജോലിക്കെത്തിയത്.

ഇതേ കമ്പനിയുടെ ആംബുലന്‍സ് ഡ്രൈവറാണ് ആലപ്പുഴ സ്വദേശി റൂബന്‍ മെന്‍ഡസ്. ബെംഗളൂരുവില്‍ ആറുവര്‍ഷത്തിലേറെ നഴ്‌സായിരുന്ന വാരനാട് സ്വദേശി ശരത്കൃഷ്ണ ലോക്ഡൗണിനു തൊട്ടുമുന്‍പാണു നാട്ടിലെത്തിയത്. ടെക്‌നോപാര്‍ക്ക് ആസ്ഥാനമായ ജിവികെഇഎംആര്‍ഐ എന്ന കമ്പനിയുടെ ജീവനക്കാരനാണ്.

Exit mobile version