ഇടുക്കി: പെട്ടിമുടിയിലെ ഉരുള്‍പൊട്ടലിന് കാരണം മേഘവിസ്ഫോടനമാകാമെന്ന് വിദഗ്ധര്‍. വളരെ കുറഞ്ഞ സമയത്ത് ഒരു പ്രദേശത്ത് ഉണ്ടാകുന്ന അതിശക്തമായ പേമാരിയാണ് മേഘവിസ്ഫോടനം. ഈ മാസം ആദ്യവാരം പെട്ടിമുടിയില്‍ രണ്ടായിരം മില്ലിമീറ്റര്‍ മഴയാണ് പെയ്തത്. ഇതിന് പുറമെ സമീപത്തെ മലയില്‍ നിന്നുള്ള വെള്ളം കൂടി കുത്തിയൊലിച്ച് വന്നതോടെ ഉരുള്‍പൊട്ടല്‍ ഉണ്ടായെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
ദുരന്തമുണ്ടായ ആഗസ്ത് ആറിന് പെട്ടിമുടിയില്‍ പെയ്തത് 612 മില്ലി മീറ്റര്‍ മഴയാണ്. ആഗസ്ത് ഒന്ന് മുതല്‍ ഏഴ് വരെ പെയ്ത മഴ 2,147 മില്ലി മീറ്റര്‍. ചരിത്രത്തില്‍ ആദ്യമായാണ് കണ്ണന്‍ദേവന്‍ മലനിരകളില്‍ ഇത്രയുമധികം മഴ ലഭിക്കുന്നത്. ശരാശരി ഒരു വര്‍ഷം കിട്ടേണ്ട മഴ ഒറ്റ ആഴ്ച കൊണ്ട് പെയ്തിറങ്ങിയതോടെ പെട്ടിമുടി ദുരന്തഭൂമിയായി.
അതേസമയം പെട്ടിമുടിയിലെ തെരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. കന്നിയാറിലെ ജലനിരപ്പ് താഴ്ന്ന ശേഷം നാട്ടുകാരുടെ സഹകരണത്തോടെ വീണ്ടും തെരച്ചില്‍ നടത്താനാണ് തീരുമാനം. അപകടത്തില്‍പ്പെട്ടവരില്‍ ഇനി അഞ്ച് പേരെ കൂടിയാണ് കണ്ടെത്താനുള്ളത്.
കഴിഞ്ഞ ആഗസ്ത് ആറിന് അര്‍ദ്ധരാത്രിയിലാണ് പെട്ടിമുടിയില്‍ ഉരുള്‍പൊട്ടലുണ്ടായത്. നാല് ലയങ്ങളിലെ 36 വീടുകളാണ് പൂര്‍ണ്ണമായും തകര്‍ന്നത്. 82 പേര് അപകടത്തില്‍പ്പെട്ടു. ഇതില്‍ 12 പേരാണ് രക്ഷപ്പെട്ടത്. 65 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഒരു കുട്ടിയടക്കം അഞ്ച് പേരെയാണ് ഇനി കണ്ടെത്താനുള്ളത്. തെരച്ചില്‍ താത്കാലികമായി നിര്‍ത്തിയതോടെ എന്‍ഡിആര്‍എഫിന്റെ രണ്ട് സംഘങ്ങളും ജില്ലയ്ക്ക് പുറത്ത് നിന്നുള്ള അഗ്നിശമന സേനാംഗങ്ങളും മടങ്ങും.
Discussion about this post