യുഎഇയില്‍ ബീച്ചിന്റെ മനോഹാരിത പകര്‍ത്തുന്നതിന്റെ ഒപ്പം സ്ത്രീയുടെ ചിത്രവും പതിഞ്ഞു; അനുവാദമില്ലാതെ ഫോട്ടം പകര്‍ത്തിയെന്ന പരാതിയില്‍ പ്രവാസി വനിതയ്ക്ക് ഒന്നര ലക്ഷം ദിര്‍ഹം പിഴ

ബീച്ചുകള്‍ സ്വയം വൃത്തിയാക്കേണ്ടുന്നതിനെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാനുള്ള പരിപാടിയുടെ ഭാഗമായി ചിത്രം എടുത്തതെന്ന് എമിറാത് പറയുന്നു.

അബുദാബി: അനുവാദമില്ലാതെ ഫോട്ടോ എടുത്തുവെന്ന പരാതിയില്‍ പ്രവാസി വനിതയ്ക്ക് ഒന്നര ലക്ഷം ദിര്‍ഹം പിഴ. അബുദാബിയില്‍ വെച്ച് ഇവര്‍ എടുത്ത ബീച്ചിന്റെ ചിത്രത്തില്‍ ഉള്‍പ്പെട്ട സ്ത്രീയാണ് പരാതി നല്‍കിയത്. ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. സാമൂഹിക പ്രവര്‍ത്തന രംഗത്ത് സജീവമായ സ്ത്രീയാണ് ബീച്ചിന്റെ ചിത്രവും പകര്‍ത്തിയത്.

ബീച്ചുകള്‍ സ്വയം വൃത്തിയാക്കേണ്ടുന്നതിനെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാനുള്ള പരിപാടിയുടെ ഭാഗമായി ചിത്രം എടുത്തതെന്ന് എമിറാത് പറയുന്നു. ഫോട്ടോ എടുത്ത സ്ത്രീ ഒരു ഓട്ടിസം സെന്ററിന്റെ സോഷ്യല്‍ മീഡിയ പേജില്‍ ഇത് പോസ്റ്റ് ചെയ്തു. ഇവിടുത്തെ കുട്ടികളും ബീച്ച് ശുചീകരണ പ്രവൃത്തികളില്‍ പങ്കാളിയായിരുന്നു. ഫോട്ടോയില്‍ ഉള്‍പ്പെട്ട സ്ത്രീയുടെ ഭര്‍ത്താവ് ഇത് കണ്ടതോടെ പരാതി നല്‍കുകയായിരുന്നു. തന്റെ ഭാര്യയുടെ അറിവോ സമ്മതമോ ഇല്ലാതെ ഫോട്ടോയെടുത്ത് പ്രചരിപ്പിച്ചുവെന്ന് കാണിച്ചായിരുന്നു പരാതി.

എന്നാല്‍ സാമൂഹിക സേവനത്തിന് നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ആളാണ് താനെന്നും ഫോട്ടോ എടുത്തതിന് പിന്നില്‍ മറ്റ് ദുരുദ്ദേശങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ഇവരുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. ചിത്രത്തില്‍ എല്ലാവരും മാന്യമായ വേഷം ധരിച്ചവരാണെന്നും അപമാനകരമായി ഒന്നുമില്ലെന്നും വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. ഒന്നര ലക്ഷം ദിര്‍ഹം പിഴയടയ്ക്കാനായിരുന്നു വിധി.

വിധിക്കെതിരെ ഇപ്പോള്‍ മേല്‍ക്കോടതിയെ സമീപിച്ചിരിക്കുകയാണിപ്പോള്‍ പ്രതിയായ സ്ത്രീ. ബീച്ച് പൊതു സ്ഥലമാണെന്നും അവിടെ സ്വകാര്യതാ നിയമങ്ങള്‍ ബാധകമവില്ലെന്നും അപ്പീല്‍ കോടതിയില്‍ ഇവരുടെ അഭിഭാഷകന്‍ വാദിച്ചു. വീട്ടമ മാത്രമായ തനിക്ക് ഇത്ര വലിയ പിഴയടയ്ക്കാന്‍ കഴിയില്ലെന്ന നിസ്സഹായതയും ഇവര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. കേസ് ഡിസംബര്‍ 11ലേക്ക് മാറ്റി വെച്ചിരിക്കുയാണിപ്പോള്‍.

Exit mobile version