ഇടുക്കി: രാജമല പെട്ടിമുടിയിലെ തെരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. വിശ്രമമില്ലാത്ത 18 ദിവസത്തെ തെരച്ചില്‍ അവസാനിപ്പിച്ച് പെട്ടിമുടിയില്ഡ നിന്ന് ദൗത്യസംഘവും മടങ്ങുകയാണ്. കന്നിയാറിലെ ജലനിരപ്പ് താഴ്ന്ന ശേഷം നാട്ടുകാരുടെ സഹകരണത്തോടെ വീണ്ടും തെരച്ചില്‍ നടത്താനാണ് തീരുമാനം.
അപകടത്തില്‍പ്പെട്ടവരില്‍ ഇനി അഞ്ച് പേരെ കൂടിയാണ് കണ്ടെത്താനുള്ളത്. പതിനെട്ടാം ദിവസം പെട്ടിമുടിയില്‍ നിന്ന് 14 കിലോമീറ്റര്‍ മാറി വനത്തില്‍ പുഴയോട് ചേര്‍ന്നുള്ള ഭൂതക്കുഴി മേഖലയിലായിരുന്നു തെരച്ചില്‍. ദൗത്യസംഘത്തിലെ വിദഗ്ധരായ 30 പേര്‍ ഡ്രോണ്‍, റഡാര്‍ എന്നിവടക്കം ഉപയോഗിച്ച് തെരച്ചില്‍ നടത്തിയെങ്കിലും വിഫലമായിരുന്നു, ആരെയും കണ്ടെത്താനായില്ല.
കഴിഞ്ഞ ഓഗസ്റ്റ് ആറിന് അര്‍ദ്ധരാത്രിയിലാണ് പെട്ടിമുടിയില്‍ ഉരുള്‍പൊട്ടലുണ്ടായത്. നാല് ലയങ്ങളിലെ 36 വീടുകളാണ് പൂര്‍ണ്ണമായും തകര്‍ന്നത്. 82 പേര്‍ അപകടത്തില്‍പ്പെട്ടു. ഇതില്‍ 12 പേരാണ് രക്ഷപ്പെട്ടത്. 65 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഒരു കുട്ടിയടക്കം അഞ്ച് പേരെയാണ് ഇനി കണ്ടെത്താനുള്ളത്. തെരച്ചില്‍ താത്കാലികമായി നിര്‍ത്തിയതോടെ എന്‍ഡിആര്‍എഫിന്റെ രണ്ട് സംഘങ്ങളും ജില്ലയ്ക്ക് പുറത്ത് നിന്നുള്ള അഗ്‌നിശമന സേനാംഗങ്ങളും മടങ്ങും.