തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടുത്തത്തിന്റെ പേരിൽ ഭരണ-പ്രതിപക്ഷ വാക് പോര്. ചെറിയ തീപിടുത്തമാണുണ്ടായതെന്നും ഒന്നും കത്തി നശിച്ചിട്ടില്ലെന്നും ഭരണപക്ഷവും അധികൃതരും വ്യക്തമാക്കുമ്പോൾ, വൻ തീപിടുത്തമാണുണ്ടായതെന്നും ഇത് അട്ടിമറി ആണെന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം. സെക്രട്ടറിയേറ്റിലെ തീ ആസൂത്രിതമെന്ന് വിടി ബൽറാം എംഎൽഎ ചാനൽ ചർച്ചയിൽ ആരോപിച്ചു.. കത്തി പോയ ഫയലുകളിലധികവും പേപ്പർ ഫയലുകളാണെന്നും അതിൽ മിക്കതിനും ബാക്കപ്പ് പോലുമില്ലെന്നും വിടി ബൽറാം ആരോപിച്ചു. ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവറിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പൊളിറ്റിക്കൽ 2എ, 2ബി, പൊളിറ്റിക്കൽ 5 തുടങ്ങിയ സെക്ഷനുകളിലാണ് തീപിടിത്തമുണ്ടായത് എന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചത്. അതിൽ മിക്കതിനും ബാക്ക് അപ് ഫയലുകൾ പോലുമില്ലെന്നാണ് മനസിലാക്കുന്നതെന്ന് വിടി ബൽറാം പറഞ്ഞു. സെക്രട്ടറിയേറ്റിലെ പ്രോട്ടോകോൾ വിഭാഗത്തിലെ തീപിടിത്തമുണ്ടായ സ്ഥലം സന്ദർശിച്ചപ്പോൾ മനസിലായതിതാണെന്നും ആസൂത്രിതമായതുകൊണ്ടാണ് ആളുകളെ സംഭവസ്ഥലത്ത് നിന്ന് അകറ്റി നിർത്താൻ ശ്രമിച്ചതെന്നും ബൽറാം ആരോപിച്ചു. വിഐപികളായി പ്രഖ്യാപിക്കാതെ തന്നെ സർക്കാർ പരിഗണിക്കുന്ന വി.ഐ.പികളുമായി ബന്ധപ്പെട്ട ഫയലുകൾ, മന്ത്രിമാരുടെ വിദേശ യാത്രകളുമായി ബന്ധപ്പെട്ട ഫയലുകൾ എന്നിവ സൂക്ഷിച്ചിടത്താണ് തീപിടിത്തം ഉണ്ടായത്. ഇത് ദുരൂഹത വർധിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.
അതേസമയം, ഈ തീപിടുത്തത്തിൽ ഒരു ഫയലും നഷ്ടമാവില്ലെന്ന് മുൻ എംപിയും സിപിഎം നേതാവുമായ എംബി രാജേഷ് വിശദീകരിച്ചു. സെക്രട്ടറിയേറ്റിലെ 95 ശതമാനം ഫയലുകളും ഇ-ഫയലുകളാണെന്നും രാജേഷ് പറഞ്ഞു. മനോരമ ന്യൂസിന്റെ കൗണ്ടർ പോയന്റ് ചർച്ചയിലായിരുന്നു രാജേഷിന്റെ പ്രതികരണം. ഗസ്റ്റ് ഹൗസ് റൂം ബുക്ക് ചെയ്യുന്നതായുള്ള ഫയലാണ് കത്തിയത്. അതിന് അനുമതി ചോദിക്കുന്നത് പോലും ഇമെയിൽ വഴിയാണ്. ഇവർ പറയുന്നത് പോലുള്ള വലിയ ഒരു തീപിടിത്തമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല. ഒരു ഫയലും നഷ്ടപ്പെട്ടിട്ടില്ല, നഷ്ടപ്പെടുകയുമില്ല. 2014 മുതൽ സെക്രട്ടറിയേറ്റിലെ എല്ലാ ഫയലും ഇ-ഫയൽ ആണെന്നും ഉമ്മൻചാണ്ടിയുടെ കാലത്ത് ഇ-ഫയൽ ആയതാണെന്നും രാജേഷ് കൂട്ടിച്ചേർത്തു.
സെക്രട്ടറിയേറ്റിലെന്നല്ല വില്ലേജ് ഓഫീസിൽ വരെ ഡിജിറ്റലൈസേഷൻ നടന്നിട്ടുണ്ട്. ഇ-ഫയലിംഗ് സിസ്റ്റമുള്ളത് കൊണ്ട് ഒരു ഫയലും തിരുത്താനും കഴിയില്ല, നശിപ്പിക്കാനും പറ്റില്ല. 95 ശതമാനം ഫയലും ഇഫയലാണെന്നും അദ്ദേഹം വിശദീകരിച്ചു. നേരത്തെ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട സുപ്രധാന ഫയലുകൾ തീപിടുത്തത്തിൽ നഷ്ടമായതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി നേതാവ് കെ സുരേന്ദ്രനും പറഞ്ഞിരുന്നു.
Discussion about this post