തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടുത്തത്തിൽ രാഷ്ട്രീയ സംവാദവും കൊഴുക്കുന്നു. സെക്രട്ടറിയേറ്റിൽ വ്യാപകമായ അക്രമത്തിന് യുഡിഎഫ്, ബിജെപി ശ്രമമെന്ന് മന്ത്രി ഇപി ജയരാജൻ കുറ്റപ്പെടുത്തി. ഗ്രൗണ്ട് ഫ്‌ളോറിൽ ഇഐഡി പൊളിറ്റിക്കൽ സെക്ഷനിലാണ് തീപിടുത്തമുണ്ടായതെന്നും പെട്ടെന്ന് തന്നെ നിയന്ത്രണ വിധേയമാക്കിയെന്നും അദ്ദേഹം പറഞ്ഞു.
‘ഇവരുടെ സാന്നിധ്യവും ഇടപെടലും കാണുമ്പോൾ അക്രമങ്ങൾക്ക് പിന്നിൽ അവരുടെ കൈകൾ ഉണ്ടോയെന്ന് സംശയിച്ചുപോകും. സമഗ്രമായ അന്വേഷണം നടത്തും’, ഇപി ജയരാജൻ പറഞ്ഞു.ബിജെപി സംസ്ഥാന പ്രസിഡന്റ് സുരേന്ദ്രൻ സെക്രട്ടറിയേറ്റ് ഓഫീസിനകത്ത് കയറി അക്രമം കാണിച്ചുവെന്നും പോലീസുകാരെ ആക്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഈയൊരു സംഭവം നടന്നതോടെ യുഡിഎഫിന്റേയും ബിജെപിയുടേയും ആർഎസ്എസിന്റേയും നേതാക്കൾ സംഘടിതമായി കടന്നുവന്ന് വ്യാപകമായി അക്രമങ്ങൾ സംഘടിപ്പിക്കാൻ ശ്രമിക്കുകയാണ്. സെക്രട്ടറിയേറ്റിനകത്ത് ഒരു കലാപഭൂമിയാക്കി മാറ്റാൻ ആസൂത്രിതമായിട്ടുള്ള നടപടിയാണുണ്ടായിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
നേരത്തെ സെക്രട്ടറിയേറ്റിൽ തീപിടുത്തമുണ്ടായ ഉടനെ സ്ഥലത്ത് എത്തി ബഹളം വെച്ച ബിജെപി നേതാക്കളായ കെ സുരേന്ദ്രനേയും വിവി രാജേഷിനേയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ സെക്രട്ടേറിയേറ്റിന് മുന്നിൽ കുത്തിയിരിപ്പും നടന്നു. പിന്നീട് ഗവർണറെ കണ്ട് അടിയന്തര ഇടപെടലും ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.
Discussion about this post