തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലെ പൊതുഭരണ വിഭാഗത്തിൽ തീപിടുത്തമുണ്ടായത് രാഷ്ട്രീയ ആയുധമാക്കി പ്രതിപക്ഷ പാർട്ടികൾ. ഇത് അട്ടിമറിയാണെന്ന് ആരോപിച്ചു ബഹളം ഉണ്ടാക്കിയ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെയും ബിജെപി ജില്ലാ സെക്രട്ടറി വിവി രാജേഷിനെയും പോലീസ് ബലം പ്രയോഗിച്ചു അറസ്റ്റ് ചെയ്തു നീക്കി.
സെക്രട്ടേറിയേറ്റിൽ ഇന്നു വൈകിട്ടാണ് പ്രോട്ടോക്കോൾ വിഭാഗത്തിൽ തീപിടുത്തമുണ്ടായത്. പ്രോട്ടോക്കോൾ ഓഫീസിലെ അഗ്നിബാധയിൽ സുപ്രധാന രേഖകൾ കത്തി നശിച്ചിട്ടില്ലെന്ന് അധികൃതർ അറിയിക്കുകയും ചെയ്തു.
എന്നാൽ, സെക്രട്ടറിയേറ്റിന് മുന്നിൽ ബിജെപിയും യുവമോർച്ചയും സംഘർഷം ഉണ്ടാക്കുകയായിരുന്നു. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് നിരവധി തെളിവുകൾ അടങ്ങുന്ന ഓഫീസിലാണ് തീപിടുത്തമെന്നാണ് പ്രതിപക്ഷ ആരോപണം. സംഭവം അട്ടിമറിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ആരോപിച്ചു.
അതേസമയം, സംഭവം ഉണ്ടായ ഉടനെ പ്രതിപക്ഷ നേതാവ് ചാടിക്കയറി ആരോപണം ഉന്നയിച്ചതിൽ ദുരൂഹതയുണ്ടെന്ന് മന്ത്രി ഇപി ജയരാജനും ചൂണ്ടിക്കാണിച്ചു.