തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് മന്ത്രി കെടി ജലീല്‍. പ്രതിപക്ഷം നിയമസഭയില്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മറുപടി പറയുന്ന മുഖ്യമന്ത്രിയുടെ വീഡിയോ പങ്കുവെച്ചായിരുന്നു മുഖ്യമന്ത്രിയെ ജലീല്‍ പ്രശംസിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മന്ത്രി കെടി ജലീലിന്റെ പ്രശംസ. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ജനകീയ സര്‍ക്കാരില്‍ അവിശ്വാസം രേഖപ്പെടുത്താന്‍ ശ്രമിച്ച പ്രതിപക്ഷ – ബിജെപി സംയുക്ത മുന്നണിക്കെതിരായി ലോകത്തെങ്ങുമുള്ള മലയാളികള്‍ അവിശ്വാസം പ്രകടിപ്പിച്ച കാഴ്ചക്കാണ് ഇന്നലെ കേരളം സാക്ഷിയായത്. ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞും സഭാതലത്തിലും പുറത്തും യുഡിഎഫ് ഉയര്‍ത്തിയ അര്‍ത്ഥശൂന്യമായ ആരോപണങ്ങള്‍ക്ക് എണ്ണിയെണ്ണി മറുപടി പറഞ്ഞും മുഖ്യമന്ത്രി നടത്തിയ മൂന്നേമുക്കാല്‍ മണിക്കൂര്‍ നീണ്ട പ്രസംഗം ജനാധിപത്യ ചരിത്രത്തില്‍ തന്നെ വേറിട്ട ഒരനുഭവമായിരുന്നു.
മറ്റുള്ളവരില്‍ നിന്ന് ഒരു കമ്യുണിസ്റ്റ്കാരന്‍ എങ്ങിനെയാണ് വ്യത്യസ്തനാവുക എന്ന് കേരളത്തിന്റെ മുഖ്യമന്ത്രി വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും രൂപഭാവങ്ങള്‍കൊണ്ടും തെളിയിച്ച ദിവസവും കൂടിയായിരുന്നു 2020 ആഗസ്റ്റ് 24. 75 വയസ്സുകാരനായ ഒരു പോരാളി, ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ ഒട്ടും തളര്‍ച്ചയേശാതെ, നുണ പുരട്ടി ഉതിര്‍ത്ത ശരങ്ങളെ ആത്മവിശ്വാസത്തോട നേരിട്ട്, വിജയശ്രീലാളിതനായ ചരിത്രം എക്കാലവും ഓര്‍മ്മിക്കപ്പെടും എന്ന് കെടി ജലീല്‍ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റ്:
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ജനകീയ സര്‍ക്കാരില്‍ അവിശ്വാസം രേഖപ്പെടുത്താന്‍ ശ്രമിച്ച പ്രതിപക്ഷ – ബിജെപി സംയുക്ത മുന്നണിക്കെതിരായി ലോകത്തെങ്ങുമുള്ള മലയാളികള്‍ അവിശ്വാസം പ്രകടിപ്പിച്ച കാഴ്ചക്കാണ് ഇന്നലെ കേരളം സാക്ഷിയായത്. ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞും സഭാതലത്തിലും പുറത്തും യുഡിഎഫ് ഉയര്‍ത്തിയ അര്‍ത്ഥശൂന്യമായ ആരോപണങ്ങള്‍ക്ക് എണ്ണിയെണ്ണി മറുപടി പറഞ്ഞും മുഖ്യമന്ത്രി നടത്തിയ മൂന്നേമുക്കാല്‍ മണിക്കൂര്‍ നീണ്ട പ്രസംഗം ജനാധിപത്യ ചരിത്രത്തില്‍ തന്നെ വേറിട്ട ഒരനുഭവമായിരുന്നു.
ഇന്നോളം ഒരു ഭരണാധികാരിയുടെയും ഇത്രയും നീണ്ട പ്രസംഗം ഇടതടവില്ലാതെ ഒരു ഭാഷയിലെ മുഴുവന്‍ വാര്‍ത്താചാനലുകളും തല്‍സമയം സംപ്രേക്ഷണം ചെയ്തിട്ടുണ്ടാവില്ല. നിയമസഭയില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുന്നു എന്ന തോന്നലാണ് പ്രതിപക്ഷമെമ്പര്‍മാരെ ഗത്യന്തരമില്ലാതെ നടുത്തളത്തിലെത്തിച്ചത്. അവരുയര്‍ത്തിയ അട്ടഹാസങ്ങള്‍ കൂസാതെ, ശബ്ദത്തില്‍പോലും തെല്ലും ഇടര്‍ച്ചയില്ലാതെ ചങ്കുറപ്പോടെ നിന്ന്, ആദ്യംമുതല്‍ അവസാനം വരെ ക്രീസില്‍ നിലയുറപ്പിച്ച് ബാറ്റ് ചെയ്ത ക്യാപ്റ്റന്റെ ശരീരഭാഷയായിരുന്നു പിണറായിക്ക്.
എതിര്‍ ടീമിലെ ബൗളര്‍മാരുതിര്‍ത്ത ആരോപണബോളുകള്‍ മുഴുവന്‍, സിക്‌സറടിച്ചും ബൗണ്ടറി കടത്തിയും വിസ്മയം തീര്‍ത്ത് സഭാതലത്തില്‍ അല്‍ഭുതം കുറിച്ച പിണറായി വിജയന്‍, ഭേദിക്കാനാകാത്ത നേട്ടത്തിന്റെ ഉടമയായി മാറുന്നതാണ് ലോകം കണ്ടത്. മറ്റുള്ളവരില്‍ നിന്ന് ഒരു കമ്യുണിസ്റ്റ്കാരന്‍ എങ്ങിനെയാണ് വ്യത്യസ്തനാവുക എന്ന് കേരളത്തിന്റെ മുഖ്യമന്ത്രി വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും രൂപഭാവങ്ങള്‍കൊണ്ടും തെളിയിച്ച ദിവസവും കൂടിയായിരുന്നു 2020 ആഗസ്റ്റ് 24. 75 വയസ്സുകാരനായ ഒരു പോരാളി, ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ ഒട്ടും തളര്‍ച്ചയേശാതെ, നുണ പുരട്ടി ഉതിര്‍ത്ത ശരങ്ങളെ ആത്മവിശ്വാസത്തോട നേരിട്ട്, വിജയശ്രീലാളിതനായ ചരിത്രം എക്കാലവും ഓര്‍മ്മിക്കപ്പെടും.