ക്വാറന്റൈനില്‍ ഇരിക്കവെ പാമ്പ് കടിയേറ്റ് ചികിത്സയിലായ ഒന്നരവയസുകാരിക്ക് വേണ്ടി മലയാളക്കര പ്രാര്‍ത്ഥനയോടെ നില്‍ക്കുമ്പോഴാണ് കുഞ്ഞിന് കൊവിഡും സ്ഥിരീകരിച്ച് റിപ്പോര്‍ട്ട് എത്തിയത്. പ്രതീക്ഷകള്‍ നിലയ്ക്കുകയാണോ എന്ന ആശങ്കകള്‍ ഉയരുന്ന നിമിഷങ്ങള്‍ കൂടിയായിരുന്നു അത്. എന്നാല്‍ ഒന്നരവയസുകാരി ജോസ്ഫിന്‍ മരിയ പൊരുതി ജീവിതത്തിലേയ്ക്ക് നടന്നു കയറിയത് ഏവരെയും അത്ഭുതപ്പെടുത്തി കൊണ്ടായിരുന്നു.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ബിഹാറിലെ അധ്യാപന ജോലി നഷ്ടപ്പെട്ട ജീവനും ഭാര്യയും 12 വര്‍ഷത്തിന് ശേഷമാണ് വട്ടക്കയത്തെ വീട്ടില്‍ ഓണം ആഘോഷിക്കുന്നത്. മകളുടെ ഈ തിരിച്ചുവരവിന്റെ ആഘോഷം കൂടിയാണ് ഇത്തവണത്തെ ഓണം. കഴിഞ്ഞ ജൂലൈ 16നാണ് വട്ടക്കയത്തെ വീട്ടില്‍ ജീവന്റെ കുടുംബം എത്തുന്നത്. അന്നു മുതല്‍ ക്വാറന്റൈനില്‍ ആയിരുന്നു. ജൂലൈ 21ന് രാത്രി 8.30നാണ് വീട്ടില്‍ കളിക്കുന്നതിനിടെ ജോസ്ഫിനു പാമ്പ് കടിയേല്‍ക്കുന്നത്.
ബഹളം കേട്ട് തൊട്ടടുത്തു താമസിച്ചിരുന്നതും സിപിഎം നേതാവുമായ ജിനില്‍ മാത്യു വീട്ടിലേക്ക് ഓടിയെത്തി. മുറിയുടെ ജനലില്‍ അപ്പോഴും ചുറ്റിക്കിടപ്പുണ്ടായിരുന്ന പാമ്പിനെ അപ്പോള്‍ തന്നെ തല്ലിക്കൊന്നു. ചത്ത പാമ്പിനെ ഒരു കവറിലെടുത്തു. ശേഷം കുഞ്ഞിനെയും വാരിയെടുത്ത് ജിനില്‍ പുറത്തേക്കിറങ്ങി. സുഹൃത്തായ ആംബുലന്‍സ് ഡ്രൈവറെ വിളിച്ചു. അര മണിക്കൂറിനകം 44 കിലോമീറ്റര്‍ താണ്ടി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തി. അപ്പോഴേയ്ക്കും കുഞ്ഞ് അത്യാസന്ന നിലയിലായിരുന്നു.
ആശുപത്രിയിലെ പരിശോധനയില്‍ 23ന് കുഞ്ഞിന് കൊവിഡ് പോസിറ്റീവായി. പാമ്പിന്‍ വിഷത്തെയും കൊവിഡിനെയും അതിജീവിച്ചു മകള്‍ ജൂലൈ 31നാണ് വീട്ടില്‍ തിരിച്ചെത്തിയത്.