തിരുവനന്തപുരം: സര്‍ക്കാരിന്റെ കയ്യില്‍ കളങ്കമില്ലെന്ന് എം.സ്വരാജ് എംഎല്‍എ. അവിശ്വാസപ്രമേയത്തെ എതിര്‍ത്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏത് കെടുതിയും വരട്ടെ ഞങ്ങളെ കാക്കാന്‍ പിണറായി വിജയന്‍ ഉണ്ടെന്നാണ് കേരളം പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സപ്ലൈക്കോയില്‍ ആവശ്യവസ്തുക്കളുടെ വില കൂട്ടിയിട്ടില്ലെന്ന് സ്വരാജ് ചൂണ്ടിക്കാണിച്ചു. സംസ്ഥാനത്ത് ഇടതുവിരുദ്ധ ദുഷ്ടസഖ്യം പ്രവര്‍ത്തിക്കുന്നുണ്ട്. മാധ്യമങ്ങളെയും കൂട്ടുചേര്‍ത്താണ് ഇവരുടെ പ്രവര്‍ത്തനമെന്നും അദ്ദേഹം പറഞ്ഞു.
വി.ഡി. സതീശന്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പറഞ്ഞവാക്കുകളൊന്നും പറഞ്ഞില്ല. അവിശ്വാസപ്രമേയം നനഞ്ഞ പടക്കമായിയെന്നും നാലുമാധ്യമങ്ങള്‍ കൂടെയുണ്ടെങ്കില്‍ കേരളത്തെ തെറ്റിദ്ധരിപ്പിക്കാമെന്ന് കരുതേണ്ടെന്നും സ്വരാജ് പറഞ്ഞു.
പിണറായി വിജയന്‍ സര്‍ക്കാരിന് എതിരെ പ്രതിപക്ഷം നിയമസഭയില്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയം നാല്‍പതിനെതിരെ 87 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നു. രാവിലെ 11 മണിക്ക് ആരംഭിച്ച അവിശ്വാസ പ്രമേയ ചര്‍ച്ച രാത്രി ഒമ്പതോടെയാണ് പൂര്‍ത്തിയായത്.
മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗം മൂന്നേമുക്കാല്‍ മണിക്കൂര്‍ നീണ്ടു. മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് ശേഷം പ്രമേയം വോട്ടിനിടുകയായിരുന്നു. മുഖ്യമന്ത്രിയുടെ മറുപടി പുരോഗമിക്കവേ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തില്‍ ഇറങ്ങി.