കൊച്ചി: പിണറായി വിജയന് സര്‍ക്കാരിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ സംവിധായകന് ആഷിഖ് അബു സമൂഹമാധ്യമത്തില്‍ പങ്കുവച്ച ട്രോള്‍ ചര്‍ച്ചയാകുന്നു. യോദ്ധ സിനിമയില്‍ ജഗതിയും മോഹന്‍ലാലും ചെസ് കളിക്കുന്നൊരു രംഗത്തിലെ ചിത്രമാണ് ആഷിഖ് പങ്കുവച്ചത്.
ചെസ് കളിക്കിടെ തോല്‍വി ഉറപ്പാകുമ്പോള്‍ ബഹളംവച്ച് ചെസ് ബോര്‍ഡ് തട്ടിത്തെറിപ്പിക്കുന്ന ജഗതിയെയാണ് ഈ രംഗത്തില്‍ കാണാനാകുക. അടിക്കുറിപ്പമൊന്നുമില്ലാതെയാണ് ആഷിഖ് അബു ട്രോള്‍ പങ്കുവച്ചത്. ഇതിനു താഴെ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.
നാല്‍പതിനെതിരെ 87 വോട്ടുകള്‍ക്കാണ് പ്രമേയം പരാജയപ്പെട്ടത്. കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നു. രാവിലെ 11 മണിക്ക് ആരംഭിച്ച അവിശ്വാസ പ്രമേയ ചര്‍ച്ച രാത്രി ഒമ്പതോടെയാണ് പൂര്‍ത്തിയായത്. മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗം മൂന്നേമുക്കാല്‍ മണിക്കൂര്‍ നീണ്ടു.
മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് ശേഷം പ്രമേയം വോട്ടിനിടുകയായിരുന്നു. മുഖ്യമന്ത്രിയുടെ മറുപടി പുരോഗമിക്കവേ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തില്‍ ഇറങ്ങി. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി മറുപടി പറയുന്നില്ലെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വാദം. മറുപടി പ്രസംഗത്തില്‍ മുഖ്യമന്ത്രി അധികസമയമെടുത്തെന്നും പ്രതിപക്ഷം ആരോപിച്ചു.
Discussion about this post