കൊച്ചി: കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്കും പരിക്കേറ്റവര്‍ക്കും അടിയന്തര ഇടക്കാല നഷ്ടപരിഹാരവുമായി എയര്‍ഇന്ത്യ. പൂര്‍ണ നഷ്ടപരിഹാരം വൈകുമെന്നതിനാല്‍ കേന്ദ്ര നിര്‍ദേശപ്രകാരം അടിയന്തര ഇടക്കാല നഷ്ടപരിഹാരം വേഗത്തിലാക്കുകയായിരുന്നു.
മരിച്ചവരില്‍ 12 വയസ്സിനു മുകളിലുള്ളവര്‍ക്ക് 10 ലക്ഷംരൂപയാണ് ഇടക്കാല നഷ്ടപരിഹാരമായി നല്‍കുക. 12 വയസ്സിനു താഴെയുള്ളവര്‍ക്ക് അഞ്ചുലക്ഷവും നല്‍കും. യാത്രക്കാര്‍ നല്‍കിയ വിലാസത്തില്‍നിന്നാണ് ബന്ധുക്കളെ കണ്ടെത്തുന്നത്. പരിക്കേറ്റവര്‍ക്കാണ് ആദ്യഘട്ട നഷ്ടപരിഹാരം.
55 പേര്‍ക്ക് തുക ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറി. പ്രത്യേക വാട്‌സാപ്പ് നമ്പറിലൂടെ പരിക്കേറ്റവരുടെ ബാങ്ക് അക്കൗണ്ട്, തിരിച്ചറിയല്‍രേഖകള്‍ ശേഖരിച്ചാണ് തുക കൈമാറിയത്. പരിക്കേറ്റവര്‍ക്കുള്ള ഇടക്കാല നഷ്ടപരിഹാരം ഓണത്തിനുമുമ്പ് പൂര്‍ണമായും നല്‍കാനാണ് ലക്ഷ്യമിടുന്നതെന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ പറഞ്ഞു.
മരിച്ചവരുടെ അനന്തരാവകാശികളുടെ കാര്യത്തില്‍ ഔദ്യോഗിക തീരുമാനമാകുന്ന മുറയ്ക്കായിരിക്കും ഇടക്കാല നഷ്ടപരിഹാരം നല്‍കുക. മരിച്ചവരുടെ ആശ്രിതര്‍ക്ക് സംസ്ഥാനസര്‍ക്കാരും 10 ലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നു. ഇന്‍ഷുറന്‍സ് തുകയ്ക്കു പുറമേയാണിത്.
ഓഗസ്റ്റ് ഏഴിനായിരുന്നു നാടിനെ ഒന്നടങ്കം നടുക്കിയ വിമാനാപകടം സംഭവിച്ചത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലാന്‍ഡിങിനിടെയായിരുന്നു അപകടം. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ബോയിങ് 737 വിമാനമാണ് തകര്‍ന്നുവീണത്. അപകടത്തില്‍ ഇതുവരെ 21 പേര്‍ മരിച്ചു.
മരിച്ച നാലുകുട്ടികള്‍ 12 വയസ്സിനു താഴെയുള്ളവരാണ്. പരിക്കേറ്റവരില്‍ 25 പേര്‍ ഇപ്പോഴും ആശുപത്രിയിലാണ്. ഇവരുടെ ചികിത്സാച്ചെലവുകളും എയര്‍ഇന്ത്യയാണ് വഹിക്കുന്നത്.