തിരുവനന്തപുരം: പ്രതിപക്ഷ അവിശ്വാസ പ്രമേയത്തെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍ക്കെതിരെയാണ് പ്രതിപക്ഷം അവിശ്വാസം കൊണ്ടുവന്നതെന്ന കാര്യത്തില്‍ അവ്യക്തതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്ക് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
യുഡിഎഫിനുള്ളില്‍ അവിശ്വാസം വളര്‍ന്നു വരികയാണ്, അതിലെ ഘടകകക്ഷികള്‍ തമ്മിലുള്ള ബന്ധം വലിയ രീതിയില്‍ ശിഥിലമാകുകയാണ്. പ്രതിപക്ഷത്തിന് അവരില്‍ തന്നെയാണ് അവിശ്വാസമെന്നും മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫിലെ അസ്വസ്ഥതകള്‍ പ്രമേയത്തിന് കാരണമായിരിക്കാം. വിശ്വാസയോഗ്യമായ ഒരു കാര്യം പോലും അവതരിപ്പിക്കാന്‍ യുഡിഎഫിന് കഴിവില്ല. സ്വന്തം അണികളില്‍ നിന്നും നേതൃത്വത്തിന്റെ കഴിവിലുള്ള അവിശ്വാസം വരുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനങ്ങള്‍ക്ക് സര്‍ക്കാരിനെ വിശ്വാസമാണ്. 91 സീറ്റുമായി അധികാരത്തിലെത്തിയ സര്‍ക്കാരിന് ഇപ്പോള്‍ 93 സീറ്റുകളുണ്ട്. ജനങ്ങളുടെ വിശ്വാസം സര്‍ക്കാരിനുണ്ടെന്ന് തെളിയിക്കുന്നതാണിത്. ജനവിശ്വാസത്തില്‍ ചോര്‍ച്ച വന്നത് യുഡിഎഫിന് തന്നെയാണെന്ന് കാണാനാകും. യുഡിഎഫിന് ജനങ്ങളില്‍ വിശ്വാസമില്ലാതായി. ജനങ്ങളെ വിശ്വാസമുണ്ടെങ്കില്‍ കാല്‍ചുവട്ടിലെ മണ്ണൊലിച്ച് പോകുന്നത് യുഡിഎഫിന്റേത് തന്നെയാണെന്ന് മനസിലാക്കാമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
അടിത്തറയ്ക്കുമേല്‍ മേല്‍ക്കൂര നിലംപൊത്തിയ അവസ്ഥയിലാണ് കോണ്‍ഗ്രസ്.കോണ്‍ഗ്രസിലെ നേതാക്കള്‍ പരസ്പരം വിശേഷിപ്പിക്കുന്നത് ബിജെപി ഏജന്റുമാര്‍ എന്നാണ്. അടിമുടി ബിജെപിയാകാന്‍ കാത്തിരിക്കുന്ന ഒരു കൂട്ടമായി കോണ്‍ഗ്രസ് മാറി. രാജ്യം വലിയ വെല്ലുവിളി നേരിടുന്ന ഘട്ടത്തിലാണ് ഈ ചര്‍ച്ചകളൊക്കെ നടക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
നേതാവിനെ തെരഞ്ഞെടുക്കാന്‍ പോലും കെല്‍പ്പില്ലാത്ത പാര്‍ടിയായി കോണ്‍ഗ്രസ് മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. മുതിര്‍ന്ന നേതാക്കള്‍ പോലും നേതൃസ്ഥാനം ഏറ്റെടുക്കാന്‍ മടിച്ച് നില്‍ക്കുകയാണ്. രാഹുലിന്റെ കേരളത്തിലെ മത്സരം ദേശീയ തലത്തില്‍ വലിയ നഷ്ടമുണ്ടാക്കുമെന്ന് ഇടതുപക്ഷം നേരത്തേ പറഞ്ഞതാണ്. അന്ന് അത് കേട്ടില്ല. ഇപ്പോള്‍ അതിന്റെ പേരില്‍ കോണ്‍ഗ്രസിനുള്ളില്‍ തമ്മില്‍ത്തല്ല് നടക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
രാജ്യം നേരിടുന്ന ഏതേലും വിഷയത്തില്‍ ഒന്നിച്ചൊരു നിലപാട് കോണ്‍ഗ്രസിനില്ല. അയോധ്യ രാമക്ഷേത്ര നിര്‍മാണം സര്‍ക്കാര്‍ പരിപാടിയാക്കിയപ്പോള്‍ കോണ്‍ഗ്രസ് മിണ്ടിയില്ല. പോരാത്തതിന് ബിജെപിക്കൊപ്പം പിന്നണി പാടാന്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ എത്തി. നല്ലൊരു വാഗ്ദാനവുമായി ബിജെപി വരുന്നതും കാത്തിരിക്കുന്ന നേതാക്കളാണ് കോണ്‍ഗ്രസിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post