എരുമപ്പെട്ടി: കേരളക്കരയ്ക്ക് തന്നെ അഭിമാനമായി യോഗാഭ്യാസത്തിൽ ഗിന്നസ് റെക്കോർഡ് നേടി ഈ അച്ഛനും മകനും. കുണ്ടന്നൂർ ചാഴികുളം വീട്ടിൽ വിജയനും മകൻ അർജുനുമാണ് യോഗയിൽ ലോകത്തെ തന്നെ അമ്പരപ്പിച്ചിരിക്കുന്നത്. 2018 ഡിസംബറിലാണ് മാർഷൽ ആർട്‌സ് വിഭാഗത്തിൽ മത്സരം നടന്നത്. 1525 പേർ പങ്കെടുത്തതിലാണ് അച്ഛനും മകനും റെക്കോഡ് നേടിയത്. ഇതിന്റെ സർട്ടിഫിക്കറ്റ് ലഭിച്ചത് ഇപ്പോഴാണെന്നു മാത്രം. തൃശ്ശൂർ സ്‌കൂൾ ഓഫ് യോഗയിലാണ് ഇവർ പരിശീലനം നേടിയത്.
ഈ സ്‌കൂളിന്റെ കീഴിൽ 10 പേരാണ് മത്സരത്തിൽ പങ്കെടുത്തത്. മറ്റുള്ളവരും റെക്കോർഡിന് അർഹത നേടിയിട്ടുണ്ട്. വിജയൻ-സുനിത ദമ്പതികളുടെ ഏകമകനായ അർജുൻ എരുമപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്. കളരി ഉഴിച്ചിൽ ആശാൻ കൂടിയായ പിതാവ് വിജയനിൽ നിന്നാണ് അർജുൻ ആയോധനകലയിൽ അരങ്ങേറ്റം കുറിച്ചത്.
2018ൽ നോയിഡയിൽ നടന്ന നാഷണൽ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡലും ശ്രീലങ്കയിൽ നടന്ന ഇന്റർനാഷനൽ മത്സരത്തിൽ വെള്ളിമെഡലും നേടിയിട്ടുണ്ട്. രണ്ട് സിനിമകളിൽ വേഷമിട്ട അർജുനെ കമലഹാസന്റെ ഇന്ത്യൻ രണ്ട് സിനിമയിലെ കളരിപ്രകടനത്തിന് തെരഞ്ഞെടുത്തിട്ടുണ്ട്.