കുണ്ടറ: ഓരോ മാർഗ്ഗങ്ങളായി ആതിരയ്ക്ക് മുന്നിൽ അടഞ്ഞുകൊണ്ടിരിക്കുകയാണ്. എങ്കിലും സുമനസുകൾ കനിഞ്ഞാൽ ആതിരയ്ക്ക് ജീവിതത്തിലേക്ക് തിരിച്ചെത്താനാകും, ഇതിനായി സഹായം തേടുകയാണ് ഈ കുടുംബം. കരൾ രോഗബാധിതയായ മടന്തകോട് ചാമവിള വീട്ടിൽ രാമചന്ദ്രന്റെ മകൾ ആതിര(23)യാണ് ചികിത്സാ സഹായത്തിനായി കാരുണ്യം തേടുന്നത്. പുനുക്കന്നൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ (കന്യാകുഴി) കരാറടിസ്ഥാനത്തിൽ ജോലി ചെയ്ത് വരികയാണ് ആതിര.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആതിരയ്ക്ക് എത്രയും പെട്ടെന്ന് ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്. ഒ പോസിറ്റീവ് രക്തഗ്രൂപ്പുള്ള ആതിരയ്ക്ക് കരൾ നൽകാൻ 23 വയസ്സുള്ള ബന്ധു തയാറായെങ്കിലും 27 നും 50നും ഇടയ്ക്ക് പ്രായമുള്ളവരുടെ കരൾ മാത്രമേ ചേരുകയുള്ളുവെന്നാണ് ഡോക്ടർമാർ പറയുന്നത്. അതനുസരിച്ചുള്ള ആളിനെ ഇനിയും കണ്ടെത്താനായിട്ടില്ല. കരൾ ദാനത്തിന് തയ്യാറായി ആരെങ്കിലും മുന്നോട്ട് വന്നാൽ തന്നെ ശസ്ത്രക്രിയകൾക്കായി 25 ലക്ഷത്തോളം രൂപ ചെലവും വരും.
പന്തൽ പണിക്കാരനായ അച്ഛനും ദിവസ വേതന അടിസ്ഥാനത്തിൽ സെക്യൂരിറ്റി പണിയെടുക്കുന്ന അമ്മയും തുച്ഛമായ വരുമാനംകൊണ്ട് 4 പെൺമക്കളുള്ള കുടുംബത്തെ പോറ്റാൻ തന്നെ പ്രയാസപ്പെടുകയാണ്. ഇതിനിടെയാണ് ഇടിത്തീയായി രോഗവും വന്നുചേർന്നത്. സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്ന കുടുംബത്തിന് മകളുടെ ചികിത്സാ ചെലവിനായി ഇത്രയും ഭാരിച്ച തുക കണ്ടെത്താൻ ഒരു വഴിയും ഇല്ല. ഇതിനിടെ കന്യാകുഴി വാട്സാപ് കൂട്ടായ്മ 70,000രൂപ സ്വരൂപിച്ച് നൽകിയിട്ടുണ്ട്. സുമനസ്സുകൾ സഹായം നൽകിയാൽ ആതിരയുടെ ജീവൻ രക്ഷിക്കാൻ കഴിയും. സഹായങ്ങൾക്കായി ആതിരയുടെ അമ്മ ശോഭ എസ്ബിഐ നല്ലില ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. നമ്പർ: 57051628320. IFSC Code.SBIN0070491.
Discussion about this post