ചവറ (കൊല്ലം): വാഹനാപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഭാഗ്യവാനെ ഒടുവില്‍ കണ്ടെത്തി. മേനാമ്പള്ളി ചേമത്ത് തെക്കതില്‍ ശ്രീകുമാര്‍ (52) ആണ് ചീറിപ്പാഞ്ഞെത്തിയ വാഹനത്തിന് മുന്നില്‍ നിന്നും തലനാരിഴയക്ക് രക്ഷപ്പെട്ടത്. ശ്രീകുമാറിന്റെ ഇടതുവശത്തുകൂടി തൊട്ടുതൊട്ടില്ലെന്നമട്ടിലായിരുന്നു വാഹനം പാഞ്ഞുപോയത്.
ദേശീയപാതയില്‍ വെള്ളിയാഴ്ച രാവിലെയോടെയായിരുന്നു സംഭവം. രാവിലെ ആറിന് ബന്ധുവിനൊപ്പം ബൈക്കില്‍ നല്ലേഴ്ത്ത്മുക്കില്‍ എത്തിയശേഷം തട്ടാശ്ശേരിയിലെ ഒരുവീട്ടില്‍ ജോലിക്കായി റോഡരികിലൂടെ നടന്നുപോവുകയായിരുന്നു ശ്രീകുമാര്‍.
തട്ടാശ്ശേരിക്ക് സമീപമെത്തിയപ്പോള്‍ പിന്നിലൂടെ അമിതവേഗത്തില്‍വന്ന പിക്കപ്പ് വാന്‍, റോഡുവിട്ട് ഹോട്ടലിന്റെ പാര്‍ക്കിങ് സ്ഥലത്തുകൂടി ശ്രീകുമാറിന്റെ ഇടതുവശംചേര്‍ന്ന് പാഞ്ഞുപോകുകയായിരുന്നു. വാഹനം കടന്നുപോകുമ്പോള്‍, ഒന്നുമറിയാതെ നടന്നുപോകുകയായിരുന്നു ശ്രീകുമാര്‍.
ചവറ തട്ടാശ്ശേരിക്ക് സമീപത്തെ നിരീക്ഷണ ക്യാമറയിലാണ് ഈ അപകടദൃശ്യങ്ങള്‍ പതിഞ്ഞത്. തൊട്ടുതൊട്ടില്ലെന്ന മട്ടില്‍ വാഹനം കടന്നുപോകുമ്പോള്‍, ഒന്നുമറിയാതെ നടന്നുപോകുന്ന ശ്രീകുമാറിനെ വീഡിയോയില്‍ കാണാം. സമീപത്തെ നിരീക്ഷണ ക്യാമറ വെച്ചിരുന്ന തൂണ്‍ ഇടിച്ചുവീഴ്ത്തി വാഹനം വീണ്ടും ദേശീയപാതയിലേക്കുകയറി കുറച്ചുദൂരം ഓടി.
ഇതുകണ്ട് പകച്ചുനിന്ന ശ്രീകുമാര്‍, കാര്യം മനസ്സിലായപ്പോള്‍ ദൈവത്തോട് പ്രാര്‍ഥിക്കുന്നതും വീഡിയോയില്‍ കാണാം. ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനുപിന്നാലെ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടയാളെ രണ്ടുദിവസമായി തിരയുകയായിരുന്നു നാട്ടുകാര്‍. നിര്‍മാണത്തൊഴിലാളിയായ ശ്രീകുമാര്‍, വര്‍ഷങ്ങള്‍ക്കുമുമ്പ് തമിഴ്‌നാട്ടില്‍നിന്നെത്തി ചവറയില്‍ സ്ഥിരതാമസമാണ്.
പാലുമായിപ്പോയ വാഹനമാണ് നിയന്ത്രണംവിട്ട് അപകടം വരുത്തിയത്. ഡ്രൈവര്‍ ഉറങ്ങിയതാണ് കാരണം. വാഹനമിടിച്ച ക്യാമറ നന്നാക്കിക്കൊടുക്കാമെന്ന ഉറപ്പിന്മേല്‍ പോലീസ് കേസ് എടുക്കാതെ വണ്ടി വിട്ടുകൊടുത്തു. ദൈവത്തിന്റെ അദൃശ്യകരങ്ങളാണ് രക്ഷപ്പെടുത്തിയതെന്ന് ശ്രീകുമാറും കുടുംബവും പറയുന്നു.
വൈറല്‍ ആയ വീഡിയോ കണ്ടപ്പോഴാണ് അപകടത്തിന്റെ തീവ്രത മനസ്സിലായതെന്ന് ശ്രീകുമാറിന്റെ ഭാര്യ താര, മക്കളായ അഖില്‍കുമാര്‍ , അശ്വതി, മരുമകള്‍ രേഷ്മ എന്നിവര്‍ പറഞ്ഞു.