തൃശ്ശൂർ: കേരളക്കരയെ തന്നെ ഞെട്ടിച്ച തൃശ്ശൂർ കയ്പമംഗലം മൂന്നുപീടികയിലെ ജ്വല്ലറി മോഷണക്കേസ് വ്യാജമെന്ന് പോലീസ്. ജ്വല്ലറിയുടെ ഭിത്തിതുരന്ന് മൂന്നരക്കിലോ സ്വർണ്ണം തട്ടിയെടുത്തെന്നായിരുന്നു പരാതി. പോലീസ് അന്വേഷണം മുറുകിയതോടെ സ്വർണ്ണം നഷ്ടപ്പെട്ടിട്ടില്ലെന്ന വാദവുമായി ഉടമ തന്നെ രംഗത്തെത്തിയതോടെ പോലീസിന് വീണ്ടും പലതരത്തിലുള്ള സംശയങ്ങൾ ഉയർന്നിരിക്കുകയാണ്.
മൂന്നരക്കിലോ സ്വർണം സൂക്ഷിക്കാനുള്ള സാമ്പത്തിക സ്ഥിതി ഉടമയ്ക്കില്ലെന്ന് അന്വേഷണത്തിൽ പോലീസ് കണ്ടെത്തി. മാത്രമല്ല, സ്വർണ്ണം പലയിടങ്ങളിൽ നിന്ന് വാങ്ങിയത് തിരിച്ചുകൊടുത്തിട്ടില്ലെന്ന് പോലീസിനോട് ചില സ്വർണ്ണ വ്യാപാരികൾ പരാതി പറയുകയും ചെയ്തു. ജ്വല്ലറി തുരന്നിട്ടുണ്ടെങ്കിസും സ്വർണ്ണം പോയെന്ന വാദം തെറ്റാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
അതേസമയം, ജ്വല്ലറി തുരന്നത് ആരാണെന്ന അന്വേഷണത്തിലാണ് പോലീസിപ്പോൾ. ജ്വല്ലറിയിൽ ഈയടുത്ത കാലത്തൊന്നും ആരും സ്വർണം വാങ്ങാൻ വന്നിട്ടില്ല. സമീപ സ്ഥലത്തെല്ലാം അന്വേഷിച്ചപ്പോൾ ജ്വല്ലറി ഉടമയ്ക്കു സാമ്പത്തിക പ്രശ്‌നങ്ങളുണ്ടെന്നും അമ്പതു ലക്ഷം രൂപയുടെ ഓവർഡ്രാഫ്റ്റുണ്ടെന്നും വ്യക്തമായി.
രണ്ടു കാര്യങ്ങളാണ് വ്യക്തത വരുത്തേണ്ടത്. ജ്വല്ലറി തുറന്നത് പുറമെ നിന്നുള്ള കള്ളൻ ആണോ. അതോ, ജ്വല്ലറി ഉടമ തന്നെ സൃഷ്ടിച്ച നാടകമാണോ. ഭിത്തി തുരന്നത് കണ്ട ഉടനെ ഉടമയുടെ മനസിൽ തോന്നിയ ആശയമാണോ മൂന്നരക്കിലോയുടെ സ്വർണ്ണം നഷ്ടപ്പെട്ട കഥയെന്നും പോലീസ് അന്വേഷിക്കുകയാണ്.
ജ്വല്ലറിയിൽ ഉണ്ടാക്കിയ ദ്വാരം ഒരാൾക്ക് കടക്കാൻ പാകത്തിലുള്ളതല്ല. ദ്വാരത്തിലൂടെ കടന്നാൽ കടക്കുന്ന ആളുടെ ചർമം ഉരഞ്ഞ് അതിന്റെ അംശം ഭിത്തിയിൽ പറ്റാൻ സാധ്യതയുണ്ട്. ദ്വാരത്തിലൂടെ കടക്കുന്നയാളുടെ വസ്ത്രമോ രോമമെങ്കിലുമോ അതിൽ തടയും. അതും ഉണ്ടായിട്ടില്ല. മുളകുപൊടി ജ്വല്ലറിയുടെ മേശപ്പുറത്തുപോലും വിതറിയതും സംശയത്തിനിടയാക്കിയിരുന്നു. ഫോറൻസിക് വിദഗ്ധർ അതെല്ലാം പരിശോധിച്ചു വരികയാണ്. ഉടമ പറഞ്ഞത് നുണയാണെന്ന് ബോധ്യപ്പെട്ടെങ്കിലും കേസെടുക്കാൻ കോടതിയുടെ അനുമതി വേണം.
Discussion about this post