തൃശ്ശൂര്‍: യുവകവി എസ് കലേഷിന്റെ കവിത അപഹരിച്ച് സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ചെന്ന ആരോപണം നേരിടുന്ന അധ്യാപിക ദീപാ നിശാന്ത് സോഷ്യല്‍മീഡിയയുടെ ആക്രമണങ്ങള്‍ക്ക് ഇരയായി കൊണ്ടിരിക്കുകയാണ്. തെറ്റിദ്ധരിപ്പിക്കപ്പെട്ടതാണെന്നും ചെയ്തുപോയ തെറ്റിന് കവിയോട് നിരുപാധികം മാപ്പ് ചോദിച്ചിട്ടും കേരളവര്‍മ്മയിലെ അധ്യാപികയായ ദീപ നിശാന്തിനെ വെറുതെ വിടാന്‍ സൈബര്‍ ലോകത്തെ ‘പോരാളികള്‍’ തയ്യാറല്ല.
ഇതിനിടെയാണ്, ചെയ്തുപോയ അപരാധം ഉള്‍ക്കൊണ്ട അധ്യാപികയ്ക്ക് പിന്തുണയുമായി ഞങ്ങള്‍ സുഹൃത്തുക്കള്‍ കൂടെയുണ്ടാകുമെന്ന ഉറപ്പ് നല്‍കുന്ന സുഹൃത്ത് ജയ തെക്കൂട്ടിന്റെ സോഷ്യല്‍മീഡിയ പോസ്റ്റ് വൈറലാകുന്നത്. സമകാലികമായി ചില രാഷ്ട്രീയ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുമ്പോഴും ഒരു ദാക്ഷിണ്യവുമില്ലാതെ, ഭൂതകാല ജീവിതത്തെച്ചൊല്ലി സൈബര്‍ ആക്രമണങ്ങള്‍ നേരിട്ടവളാണ് അവളെന്ന് കോളേജ് പഠനകാലം മുതല്‍ ദീപ നിശാന്തിനെ അടുത്തറിയാവുന്ന സുഹൃത്ത് ജയ തെക്കൂട്ട് പറയുന്നു.
‘പക്ഷേ, ഒന്നുണ്ട്.. ഇപ്പോഴുള്ള സൈബര്‍ ആക്രമണങ്ങള്‍ ഒരു പരിധി വരെ അവള്‍ ചോദിച്ചു വാങ്ങിയതാണ്. ദീപേ, നീയെത്ര ശത്രുക്കളെയാണ് ഉണ്ടാക്കുന്നത്? നിന്റെ നാക്കിന് / വാക്കിന് ഒരു ദയയുമില്ല എന്ന് ഓര്‍മിപ്പിക്കുമ്പോള്‍ / ഓര്‍ക്കുമ്പോള്‍ ഇത് തലയും താഴ്ത്തിയിരുന്ന് കേള്‍ക്കുക എന്നുതന്നെയാണ് ഈ ദിവസങ്ങളില്‍ അവളോട് പറഞ്ഞു കൊണ്ടിരുന്നത്!’ വിവാദങ്ങള്‍ കുത്തിനോവിക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ ദീപയെ ചേര്‍ത്തുപിടിക്കാന്‍ ഓടിയെത്തിയ ജയ പറയുന്നു.
ജയ തെക്കൂട്ടിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
വലിയൊരു ഇടവേളയാണ് ബ്രേക്ക് ചെയ്യേണ്ടി വന്നിരിക്കുന്നത്! 1999 മുതൽ അങ്ങനെയിരിക്കെ ഈ 2018 ഡിസംബർ വരെ… നീണ്ട 19 വർഷങ്ങൾ… ക്ലീഷേയായി പറഞ്ഞാൽ ദീപയുമൊത്ത് ഒരേ ബെഞ്ചിലിരുന്ന്, ഒരേ പാത്രത്തിലുണ്ട്, ഒരേ പായിൽ കിടന്ന്…. എന്നാൽ ഒരേ പോലെ ചിന്തിക്കാതെ, ഒരേ പോലെ രാഷ്ട്രീയ പ്രവർത്തനം നടത്താതെ… എല്ലാ കൗമാര ചാപല്യങ്ങളോടെയും ജീവിച്ച കേരളവർമ കാലങ്ങൾ മുതൽ ഇന്നുവരെ ഞങ്ങൾ ‘കൂട്ടുകാർ’ തന്നെയാണ്! ഈ പതന/ആക്രമണകാലഘട്ടത്തിൽ അത് ഉറക്കെ പറയേണ്ടത് അനിവാര്യതയാണെന്ന് തോന്നുന്നു.
പക്ഷേ, കുറച്ചു നാളായി ദീപ ജീവിച്ചു കൊണ്ടിരുന്ന ഈ സൈബർ, സെലിബ്രിറ്റി കാലഘട്ടത്തിൽ ഒരു മുഖമോ പേരോ രേഖപ്പെടുത്താനോ ദൃശ്യവത്കരിക്കാനോ ഞങ്ങളോ അവളോ തുനിഞ്ഞിട്ടില്ല. അത് ആവശ്യവുമായിരുന്നില്ല. പച്ച മലയാളത്തിൽ പറഞ്ഞാൽ ദയവായി മൂടുതാങ്ങികളെന്നോ, ആരാധകരെന്നോ ഞങ്ങളെ അടയാളപ്പെടുത്താതിരിക്കുക!! ഒരു മനുഷ്യനെന്ന നിലയിൽ ദീപയുടെ ശരികളെ, തെറ്റുകളെ, രാഷ്ട്രീയ നിലപാടുകളെ, ജീവിതത്തെ എല്ലാം ചോദ്യം ചെയ്തും ചേർത്തു നിർത്തിയും തന്നെയാണ് ഈ കഴിഞ്ഞ കാലമത്രയും നടന്നു തീർത്തത്. അതിനുള്ള പച്ച ജീവിതയിടങ്ങൾ ഞങ്ങൾക്കുണ്ടായിരുന്നു… ആൾക്കൂട്ടപ്പെരുമയുടെ ഘോഷങ്ങളും സൈബർ ഇട ഉന്മാദങ്ങളും ദീപ കീഴടക്കുന്നതോ ദീപയെ കീഴ്പ്പടുത്തുന്നതോ മാറിനിന്ന് കണ്ടവർ! എഴുത്തും ആത്മവിശ്വാസവും ആത്മപരതയും പോരാട്ടവും പ്രതിരോധവും കൃത്യമായി പിന്തുടർന്നവർ! ദീപ എന്തായിരുന്നുവെന്നും ഇപ്പോൾ എന്താണെന്നും അടയാളപ്പെടുത്താവുന്നവർ/ഇതു വരെ അടയാളപ്പെടുത്താത്തവർ! തിരിച്ചറിഞ്ഞും, നിർവചിച്ചും, പുനർ നിർവചിച്ചും… മാറ്റങ്ങളിലൂടെത്തന്നെയാണ് മനുഷ്യജീവിതം മുന്നോട്ടു പോകേണ്ടതെന്ന് വിശ്വസിക്കുന്നു. അതിൽ ദീപയുടെ ജീവിതം അതിശയകരമായ മാറ്റങ്ങളിലൂടെയാണ് കടന്നു പോയത്. കഴിഞ്ഞു പോയ കാലത്തെ ക്ഷമാപണത്തോടെ നോക്കിക്കണ്ട് ഞാൻ മാറാനാഗ്രഹിക്കുന്നു, മാറിക്കൊണ്ടിരിക്കുന്നു എന്ന് പരുവപ്പെട്ടുകൊണ്ടിരിക്കുമ്പോൾ അത് നല്ലതുകളെങ്കിൽ/പുരോഗമനാത്മകമെങ്കിൽ സ്വാഗതം എന്നല്ലാതെ ഭൂതകാലത്തെ ചെയ്തികളെ തോണ്ടിയെടുത്ത് ആ ദീപയ്ക്ക് ഇങ്ങനെയാവാൻ പാടില്ല എന്ന് ശാഠ്യപ്പെടാനാണ് അതിലേറെ ചാപല്യങ്ങളോടെ ജീവിച്ച ചില പുണ്യാത്മാക്കൾ ശ്രമിച്ചുകൊണ്ടിരുന്നത്. കേരളവർമയിൽ SFI ആയിരുന്നില്ല എന്നത് ഒരു പോരായ്മയാണ് എന്ന് ആരാണ് ഉറപ്പിക്കുന്നത്? കേരളവർമയിലെ SFI ജീവിതം/സൗഹൃദങ്ങൾ ആത്മവിശ്വാസപ്പെടുത്തിയ എന്റെ ജീവിതത്തെ മുൻനിർത്തിക്കൊണ്ട് മേൽപ്പറഞ്ഞ ജനാധിപത്യനിലപാടിനെയും ഞാൻ അംഗീകരിക്കുന്നു… ഞാനായിരുന്നു കേരളവർമയിലെ SFI എന്ന് എന്നെങ്കിലും ദീപ അവകാശപ്പെട്ടിരുന്നോ???
സമകാലികമായി ചില രാഷ്ട്രീയ നിലപാടുകളിൽ ഉറച്ചു നിൽക്കുമ്പോഴും ഒരു ദാക്ഷിണ്യവുമില്ലാതെ, ഭൂതകാല ജീവിതത്തെച്ചൊല്ലി സൈബർ ആക്രമണങ്ങൾ നേരിട്ടവളാണ് അവൾ!
പക്ഷേ, ഒന്നുണ്ട്.. ഇപ്പോഴുള്ള സൈബർ ആക്രമണങ്ങൾ ഒരു പരിധി വരെ അവൾ ചോദിച്ചു വാങ്ങിയതാണ്. ദീപേ, നീയെത്ര ശത്രുക്കളെയാണ് ഉണ്ടാക്കുന്നത്? നിന്റെ നാക്കിന് / വാക്കിന് ഒരു ദയയുമില്ല എന്ന് ഓർമിപ്പിക്കുമ്പോൾ / ഓർക്കുമ്പോൾ ഇത് തലയും താഴ്ത്തിയിരുന്ന് കേൾക്കുക എന്നുതന്നെയാണ് ഈ ദിവസങ്ങളിൽ അവളോട് പറഞ്ഞു കൊണ്ടിരുന്നത്! യാഥാർത്ഥ്യങ്ങളെ ഉൾക്കൊള്ളുക… നീ ജീവിക്കുന്ന ഇടത്തിൽ നിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടു എന്ന് തിരിച്ചറിയുക… നഷ്ടങ്ങളുടെ വലുപ്പം ഭീകരമെന്ന് വേദനയോടെ മനസ്സിലാക്കുക… ഇപ്പോഴെങ്കിലും ഞാൻ ഞാനെന്ന ബോധവും സെലിബ്രിറ്റി കുപ്പായവും ഊരി വയ്ക്കുക… കണ്ണു തുറന്ന് നിന്നിലേക്കും പുറത്തേക്കും നോക്കുക… ആരും പൂർണ്ണരല്ലെന്ന് തിരിച്ചറിയുക…ഈ രണ്ടു ദിവസങ്ങളിൽ കൂടെയിരുന്ന്, രാത്രിയും പകലും ചേർത്തു പിടിച്ചിരുന്ന് പറയാൻ ശ്രമിച്ചത് ഇതൊക്കെയായിരുന്നു…
ദീപയുടെ ജീവിതത്തിലെ മുൻ പ്രതിസന്ധിഘട്ടങ്ങളിലെല്ലാം അകലെയിരുന്ന് ദീപേ, ഓകെയല്ലേ?എന്ന സന്ദേശങ്ങളിലൂടെയോ സംഭാഷണങ്ങളിലൂടെയോ മാത്രം കമ്മ്യൂണിക്കേറ്റ് ചെയ്തിരുന്നവരാണ് ഞങ്ങൾ. അവൾ പൊരുതും എന്ന ബോധ്യം ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഈയൊരു വാർത്ത വന്നപ്പോൾ ‘എന്തൂട്ടാണ് ദീപേ?’ എന്ന് മെസേജയച്ചു കഴിഞ്ഞും ഇത് മറ്റെന്തോ ആണല്ലോ എന്ന അപായ ചിന്ത ബാക്കി നിന്നു… പിന്നെയൊന്നും ആലോചിക്കാതെ ഇറങ്ങിപ്പുറപ്പെടുകയായിരുന്നു… ഓടിച്ചെല്ലുക എന്നതിനപ്പുറം ഞങ്ങൾ കൂട്ടുകാർക്ക് വേറെ ഒരു തീരുമാനവുമില്ലായിരുന്നു. ചിന്തിച്ചത് ശരി തന്നെയായിരുന്നു! അഹംബോധങ്ങൾക്കും സെലിബ്രിറ്റി മേൽക്കുപ്പായങ്ങൾക്കും അടിയിൽ തകർന്നടിഞ്ഞ്, കുറ്റബോധത്താൽ വീർപ്പുമുട്ടി, അപമാനിതയായി…
കലേഷ്, ഞാനറിയാത്ത, എന്നെയറിയാത്ത നിങ്ങൾക്ക്… ദീപ നിങ്ങളോട് നൂറുവട്ടം മാപ്പു ചോദിക്കുന്നു/ ചോദിച്ചിരിക്കുന്നു. അവൾ മാപ്പർഹിക്കുന്നുവെന്ന് നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ അത് സ്വീകരിക്കുകയും പരിഗണിക്കുകയും ചെയ്യുക.
ദീപാ നിശാന്ത് എന്ന ലേബലിനു പുറത്തുള്ള ദീപയെയാണ് ഞങ്ങൾ ചേർത്തു പിടിക്കുന്നത്… ബൗദ്ധിക / വിചാരതലം മാത്രമല്ല വൈകാരികതലവും പരിഗണിക്കേണ്ടതുണ്ടെന്ന ബോധ്യത്താൽ… പ്രണയവും സൗഹൃദങ്ങളും രക്തബന്ധങ്ങളും അതിന്റെ വിശ്വാസങ്ങളും ഉറപ്പുകളും നമുക്ക് നൽകുന്ന ചില ബോധ്യങ്ങളുണ്ടല്ലോ? ചിലപ്പോൾ ലോജിക്കലായി വിശദീകരിക്കാൻ കഴിയാതെ പോകുന്നവ! അനുഭവിക്കുന്നവർക്കല്ലാതെ പുറത്ത് മറ്റൊരാളോട് convince ചെയ്യാൻ എളുപ്പമല്ലാത്തവ! അവിശ്വസനീയമായി വിശ്വസിക്കേണ്ടി വരുന്നവ! അത്തരമൊന്ന് ഇവിടെയും സംഭവിച്ചിട്ടുണ്ട്. പുറത്തു നിന്ന് കല്ലെറിയുന്നവരിൽ, (അ)സാംസ്കാരിക ഇടത്തിൽ തീർച്ചയായും ഈയൊരു നിലയെക്കൂടി അഡ്രസ്സ് ചെയ്യാൻ കഴിയുന്നവരുണ്ട് എന്നതാണ് സത്യം! പക്ഷേ ആൾക്കൂട്ട ആക്രമണത്തിന്റേതായ മനോ നിലയിൽ നിന്ന് വിട്ടു പോരാൻ തയ്യാറാകാതെ, ‘അവൾക്കിതു വേണം…ചവിട്ട് ഇനിയും ചവിട്ട്.. തലപൊക്കരുതിനി…’ എന്ന് ആക്രോശിക്കുന്ന നാവുകൾ എല്ലാം തീർച്ചയായും ആശയപരമല്ല/രാഷ്ട്രീയപരമല്ല; അതിൽ വ്യക്തി വൈരാഗ്യത്തിന്റെയും പല തരത്തിലുള്ള ജെലസിയുടെയും ദീപയാൽ മുറിവേറ്റവരുടെയും ശബ്ദങ്ങളുണ്ട്… ദീപയെ തുറന്നുകാട്ടാൻ അമിതാവേശം കാണിക്കുമ്പോൾ ഞാനും/നിങ്ങളും മറ്റുള്ളവർക്ക് മുന്നിൽ തുറക്കപ്പെടുന്നുണ്ട് എന്ന് തിരിച്ചറിയണ്ടേ?
ഈ വിഷയത്തിൽ കൂട്ടുത്തരവാദിത്തമുള്ള ശ്രീചിത്രനെ കൂടി ഇവിടെ പരിഗണിക്കേണ്ടതുണ്ടെന്ന് തോന്നുന്നു. ആരാണ് കൂടുതൽ തെറ്റുകാരൻ / തെറ്റുകാരി എന്നൊക്കെ തലനാരിഴ കീറി പരിശോധിച്ച് ഉത്തരം കണ്ടെത്തി വിചാരണ നടത്താൻ നമുക്ക് കഴിയും! ചെയ്തത് തെറ്റ് തെറ്റ്… മാപ്പ് മാപ്പ്… എന്ന് സമൂഹത്തോട് നിരുപാധികം പറഞ്ഞു കൊണ്ടിരിക്കുമ്പോൾ, ഇനിയെന്തിന് വിചാരണ, തൂക്കിക്കൊല്ലൽ എന്ന് മയപ്പെടുത്തിക്കൂടേ? നേരിട്ട് അടുപ്പമില്ലെങ്കിലും ഭൂതകാല/ചരിത്ര അറിവുകളില്ലെങ്കിലും കുറച്ചു വർഷങ്ങളായി കാണുകയും കേൾക്കുകയും ചെയ്യുന്ന ഒരാളാണ് ശ്രീചിത്രൻ. അയാൾ വന്ന വഴികളെ കുറിച്ച്, ചെയ്ത ശരികേടുകളെ കുറിച്ച് അവിശ്വസനീയമായ (എനിക്ക് ) കഥകൾ കേട്ടു. എല്ലാവരെയും പോലെ പൊതുയിടങ്ങളിൽ നിന്നും ചിലരുടെ നേരനുഭവങ്ങളിൽ നിന്നും…ചെയ്ത തെറ്റുകളെയും ശരികളെയും ഒരു പോലെ റദ്ദു ചെയ്യാവുന്ന ഒരു സാമൂഹിക വൈകാരിക സാഹചര്യമല്ല ശ്രീചിത്രന്റെ ലേബലെന്നത് കാര്യങ്ങളെ കൂടുതൽ സങ്കീർണമാക്കുന്നുണ്ട്…പക്ഷേ, ഒന്നുണ്ട്; ദീപയ്ക്ക് കിട്ടാത്ത ചില രാഷ്ട്രീയ / ആൺബോധ പിന്തുണകൾ ശ്രീചിത്രന് വരുംനാളുകളിൽ ലഭിച്ചേക്കാം;
നിലവിലുള്ള ദയനീയ സാഹചര്യം അതല്ലെങ്കിലും. ആയതിനാൽ ഇപ്പോഴുള്ള നിലയെത്തന്നെ അഭിസംബോധന ചെയ്യാൻ ആഗ്രഹിക്കുന്നു… രണ്ടു ‘മനുഷ്യരെ’ തൂക്കിക്കൊല്ലാനോ ആത്മഹത്യയിലേക്ക് നയിക്കാനോ മനുഷ്യരെന്ന നിലയിൽ നിങ്ങൾക്കുദ്ദേശമില്ലെങ്കിൽ ഈ cyber ecstasy യിൽ നിന്നും അവരോഹണപ്പെടുക…കുറച്ചു കൂടി നിലപാടുകളോടെ രാഷ്ട്രീയപരമായി /ആശയപരമായി നേരിടുക… മാറ്റി നിർത്തുക… ആ ഒരു വഴി കൂടി ഇതിലില്ലേ?
അവസാന വാക്ക് –
ന്യായീകരിക്കുന്നില്ല; പക്ഷേ, വീണു കിടക്കുന്ന / മുറിവേറ്റ് ചോര വാർന്നൊഴുകുന്ന ഈ അവസരത്തിൽ ദീപയെ ചേർത്തു പിടിക്കുകതന്നെ ചെയ്യും ഞങ്ങൾ!!! ശ്രീചിത്രനെ മനസ്സിലാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയും… ആദ്യവും അവസാനവും കലേഷ്, നിങ്ങൾ അവളിലേക്ക് / അവരിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു… സ്നേഹം…
Discussion about this post