കോഴിക്കോട്: ലോക്ക്ഡൗൺ കാലത്ത് വീടിനു പുറത്ത് ഇറങ്ങാൻ പോലും സാധിക്കാതെ അകത്തിരിക്കാൻ നിർബന്ധിതരായ പ്രായമേറിയവരുടെ ദുരിതങ്ങളെക്കുറിച്ച് ആരും ചർച്ച ചെയ്യുന്നില്ലെന്ന് എഴുത്തുകാരി കെആർ മീര. ലോക്ക്ഡൗൺ ആരംഭിച്ചത് മുതൽ കുട്ടികളെ എങ്ങനെ കൈകാര്യം ചെയ്യാം എന്നതിനെക്കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും സീനിയർ സിറ്റിസൺസിനെ എങ്ങനെ സഹായിക്കാം എന്നതിനെ കുറിച്ച് ആരും ചിന്തിക്കുന്നില്ലെന്ന് മീര പരാതിപ്പെടുന്നു.
പ്രായമേറിയവരുടെ ഒറ്റപ്പെടലും ഡിപ്രഷനും നേരിടാൻ ആലോചനകളും നടപടികളും ഉണ്ടാകാത്തതു സാമൂഹികമായ ഒരു കുറ്റകൃത്യമാണ്. ഭരണകർത്താക്കളിൽ ഭൂരിപക്ഷവും അറുപത്തിയഞ്ചു കഴിഞ്ഞവരാണെങ്കിലും സമപ്രായക്കാരുടെ വിഷമം അവർ ശ്രദ്ധിക്കുന്നില്ല. അറുപത്തിയഞ്ചു കഴിഞ്ഞവർക്കു മേലിൽ വോട്ടു ചെയ്യില്ലെന്നും അറുപത്തിയഞ്ചു കഴിഞ്ഞവർ തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിന് എതിരെ കോടതിയെ സമീപിക്കുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട് തൻറെ വീട്ടിലെ സീനിയർ സിറ്റിസൺ എന്നും മീര പറയുന്നു.
കെആർ മീരയുടെ ഫേസ്ബുക്ക് കുറിപ്പ്:
ലോക് ഡൗൺ കാലം ആരംഭിച്ചതു മുതൽ കുട്ടികളെ എങ്ങനെ കൈകാര്യം ചെയ്യാം എന്നതിനെ കുറിച്ചു ചർച്ചകൾ നടക്കുന്നുണ്ട്. പക്ഷേ, ഈ കാലത്തെ നേരിടാൻ സീനിയർ സിറ്റിസൺസിനെ എങ്ങനെ സഹായിക്കാം എന്നതിനെ കുറിച്ച് ആരും ചിന്തിക്കുന്നില്ല. ! മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനങ്ങളിലോ പ്രധാനമന്ത്രിയുടെ ടിവി––റേഡിയോ സന്ദേശങ്ങളിലോ ഈ വിഷയം പരിഗണിക്കപ്പെടുന്നില്ല. അരവർഷമായി നമ്മുടെ നാട്ടിലെ സാധാരണക്കാരായ സീനിയർ സിറ്റിസൺസ് വീട്ടിലൊതുങ്ങാൻ നിർബന്ധിതരായിട്ട്. ഇനിയെത്ര നാൾ എന്നതിനു നിശ്ചയവുമില്ല. യാത്ര ചെയ്യാനും മറ്റു മനുഷ്യരോട് ഇടപെടാനും സംസാരിക്കാനും ഏറ്റവും കൂടുതൽ താൽപര്യം തോന്നുന്ന പ്രായമാണ് അത്.
വീടിനകത്ത് ഒതുങ്ങാൻ നിർബന്ധിതരായ സീനിയർ സിറ്റിസൺസിൻറെ ഒറ്റപ്പെടലും ഡിപ്രഷനും നേരിടാൻ കൂട്ടായ ആലോചനകളും നടപടികളും ഉണ്ടാകാത്തതു സാമൂഹികമായ ഒരു കുറ്റകൃത്യമാണ്. ഭരണകർത്താക്കളിൽ ഭൂരിപക്ഷവും അറുപത്തിയഞ്ചു പ്രായപരിധി കഴിഞ്ഞവരാണെങ്കിലും അവരിപ്പോഴും ജനങ്ങൾക്ക് ഇടയിലായതു കൊണ്ടു സമപ്രായക്കാരുടെ വിഷമം അവർ ശ്രദ്ധിക്കുന്നില്ല.
എൻറെ വീട്ടിലെ സീനിയർ സിറ്റിസൺ ക്ഷുഭിതയാണ്. അറുപത്തിയഞ്ചു കഴിഞ്ഞവർക്കു മേലിൽ വോട്ടു ചെയ്യില്ലെന്നും അറുപത്തിയഞ്ചു കഴിഞ്ഞവർ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിന് എതിരേ കോടതിയെ സമീപിക്കുമെന്നും ഭീഷണിപ്പെടുത്തുന്നുണ്ട്. വോട്ടവകാശമുള്ള കക്ഷികളാണ്. നേതാക്കള് ശ്രദ്ധിച്ചാല് അവര്ക്കു നല്ലത്.
Discussion about this post