പെരുമ്പാവൂര്‍: കാറില്‍ ചിപ്സ് വില്പന നടത്തി ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാനുള്ള ശ്രമത്തിലാണ് ഫൈസി. കോവിഡ് പ്രതിസന്ധിയിലായതോടെയാണ് ജമീല്‍ മുഹമ്മദ് ഫൈസി തന്റെ ടാക്സി കാര്‍ ചിപ്സ് കടയാക്കി മാറ്റിയത്. ദിവസം 3025 പായ്ക്കറ്റുകള്‍ വിറ്റാല്‍ 500 രൂപയോളം കിട്ടും.
കണ്ടന്തറ കാരോത്തുകുടി ജമീല്‍ മുഹമ്മദ് ഫൈസി പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി ഉപജീവനമാര്‍ഗമെന്ന നിലയിലാണ് വായ്പയെടുത്ത് ടാക്സി കാര്‍ വാങ്ങിയത്. ഒരു വര്‍ഷം കഴിഞ്ഞപ്പോഴേക്കും ലോക് ഡൗണായി. ഇതോടെയാണ് ജീവിതം മുന്നോട്ടുകൊണ്ടുപോകാനായി 8 ലക്ഷം രൂപ വിലയുള്ള കാര്‍ റോഡരികില്‍ പാര്‍ക്ക് ചെയ്ത് ഡിക്കിയില്‍ ചിപ്സ് നിരത്തി വില്പന തുടങ്ങിയത്.
80-85 രൂപയ്ക്ക് മൊത്ത വില്പനക്കാരില് നിന്നു വാങ്ങി 100 രൂപയ്ക്കാണ് അരക്കിലോ ഏത്തക്കായ വറുത്തത് വില്‍ക്കുന്നത്. ഒരു പായ്ക്കറ്റില്‍ 15-20 രൂപ ലാഭം കിട്ടും. ദിവസം 30-25 പായ്ക്കറ്റുകള്‍ വിറ്റാല്‍ 500 രൂപയോളം കിട്ടും. ബാങ്ക് വായ്പയടയ്ക്കാനും ഭാര്യയും 3 പെണ്‍കുട്ടികളും ബാപ്പയും ഉമ്മയും അനിയനും അടങ്ങുന്ന കുടുംബത്തെ പുലര്‍ത്താനും ഈ തുക തികയില്ലെന്ന് ഫൈസി പറയുന്നു.
3 വര്‍ഷം മുന്‍പ് സൗദിയില്‍ നിന്നു നാട്ടിലെത്തുമ്പോള്‍ കാര്യമായ സമ്പാദ്യമൊന്നുമുണ്ടായിരുന്നില്ല. കൊച്ചിയില്‍ ട്രാവല്‍സിന്റെ ടാക്സി ഓടിക്കുകയായിരുന്നു. ഇതിനിടയിലാണ് സ്വകാര്യ ബാങ്കില്‍ നിന്നും സഹകരണ ബാങ്കില്‍ നിന്നുമായി 8 ലക്ഷം രൂപ വായ്പയെടുത്ത് സെക്കന്‍ഡ് ഹാന്‍ഡ് ടാക്സി പെര്‍മിറ്റ് കാര്‍ വാങ്ങിയത്.
മാസം 25000 രൂപ വായ്പ ഗഡു അടയ്ക്കണം. ഒരു വര്‍ഷം കൃത്യമായി അടച്ചു. 6 മാസത്തെ മൊറട്ടോറിയം അവസാനിച്ചു. അടുത്തമാസം മുതല്‍ വായ്പയടയ്ക്കണം. മൊറട്ടോറിയം കാലത്തെ പലിശയടക്കം 40000 രൂപ കൂടുതല്‍ അടയ്ക്കണമെന്നാണ് ബാങ്ക് നിര്‍ദേശം. തന്നെ പോലെ വായ്പയെടുത്ത് വാഹനം വാങ്ങിയ ഒട്ടേറെ ടാക്സി ഡ്രൈവര്‍മാര്‍ വഴിയരികില്‍ ചിപ്സ് വില്പന ഉപജീവനമാര്ഗമാക്കിയിട്ടുണ്ടെന്ന് ഇദ്ദേഹം പറഞ്ഞു.
Discussion about this post