പാലക്കാട്: കൊച്ചുമകന്റെ വിവാഹത്തിനായ് ബംഗളൂരുവിലെത്താൻ ഹെലികോപ്റ്ററിൽ പറന്ന് പാലക്കാട്ടെ ഈ വൃദ്ധദമ്പതികൾ. കൽപ്പാത്തി അഗ്രഹാരത്തിലെ കെഎൻ ലക്ഷ്മിനാരായണൻ (90), ഭാര്യ കെവി സരസ്വതി (85) എന്നിവരാണ് കൊവിഡ് കാലത്തെ യാത്ര ചെയ്യുന്നതിലുള്ള ആശങ്ക അവസാനിപ്പിച്ച് ഹെലികോപ്റ്ററിൽ ഇന്ദിരാഗാന്ധി മുനിസിപ്പിൽ സ്റ്റേഡിയം മൈതാനത്തുനിന്ന് ബംഗളൂരുവിലേക്കു പറന്നത്. ബംഗളൂരു ദ്വാരകാപുരിയിലെ ഇഫ്കോ ടെമ്പിൾ കോംപ്ലക്സിൽ ഇന്നാണ് കൊച്ചുമകൻ സന്തോഷിന്റെ വിവാഹം. സന്തോഷിന്റെ മാതാപിതാക്കളായ കെഎൽവി നാരായണനും ശുഭയും മകന്റെ വിവാഹം ബംഗളൂരുവിൽ വെച്ച് നടത്താനുള്ള തീരുമാനം അറിയിച്ചതോടെ വൃദ്ധദമ്പതികൾ ചടങ്ങിൽ പങ്കെടുക്കണമെന്ന് താൽപര്യം പ്രകടിപ്പിച്ചു.
നിലവിലെ യാത്രാബുദ്ധിമുട്ടുകൾ കഠിനമായതിനാൽ ദമ്പതികൾ വിവാഹം കാണാനുള്ള തീവ്രമായ ആഗ്രഹത്തിലായിരുന്നു. ലണ്ടനിൽ ജോലിയുള്ള സന്തോഷിന് മൂന്നു മാസത്തിനുള്ളിൽ മടങ്ങേണ്ടതിനാൽ വിവാഹം മാറ്റിവെക്കാനും സാധ്യമല്ല. തുടർന്ന് സന്തോഷിന്റെ മാതാപിതാക്കൾ ഇരുവരെയും ബംഗളുരുവിൽ എത്തിക്കാനുള്ള വഴികൾ അന്വേഷിക്കുകയായിരുന്നു. കൊവിഡ് സുരക്ഷയുടെ ഭാഗമായി അറുപതിനു മുകളിൽ പ്രായമുള്ളവർക്ക് പുറത്തിറങ്ങി നടക്കുന്നതിന് വിലക്കുണ്ട്. വാഹനത്തിലോ ട്രെയിനിലോ ആണെങ്കിൽ അവിടെച്ചെന്നാൽ ക്വാറന്റൈനിൽ കഴിയണം. പിന്നീട് സുഹൃത്തുക്കൾ മുഖേനയാണ് ഹെലികോപ്റ്റർ യാത്രയെക്കുറിച്ച് അറിഞ്ഞത്.
പത്തുലക്ഷം രൂപയോളമാണ് ചിലവ്. എങ്കിലും മാതാപിതാക്കളുടെ ആഗ്രഹം സാക്ഷാത്ക്കരിക്കുന്നതിനായി ഹെലികോപ്റ്റർ ഏർപ്പാട് ചെയ്യുകയായിരുന്നു. മക്കളോടൊപ്പം ഇന്നലെ രാവിലെ ബംഗളൂരുവിലേക്കു പോയ വൃദ്ധദമ്പതികൾ വിവാഹശേഷം ഇന്നുതന്നെ കൽപ്പാത്തിയിലേക്കു മടങ്ങും. റെയിൽവേയിൽ ജോലിചെയ്തിരുന്ന ലക്ഷ്മിനാരായണന്റെ ആദ്യ ഹെലികോപ്റ്റർ യാത്രയാണിത്. കൽപാത്തി രഥോത്സവത്തിന്റെ സജീവ സംഘാടകരിൽ ഒരാളായ ലക്ഷ്മിനാരായണൻ കാവേരി ടു നിള, എ ഹിസ്റ്ററി ഓഫ് ദി തമിഴ് അഗ്രഹാരം ഓഫ് പാലക്കാട് എന്ന പുസ്തകത്തിന്റെ രചയിതാവാണ്.
Discussion about this post