തിരുവനന്തപുരം: കോവിഡ് കാലത്ത് ജനങ്ങളുടെ സുരക്ഷയ്ക്കായി രാപകലില്ലാതെ പോരാടുകയാണ് സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരുമെല്ലാം. സുരക്ഷാനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് സര്‍ക്കാര്‍ ഇടക്കിടെ ഓര്‍മ്മപ്പെടുത്താറുമുണ്ട്. മറ്റുള്ളവരോട് പിന്തുടരാന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്ന എല്ലാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും താനും പിന്തുടരാറുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ആരോഗ്യമന്ത്രി കെ.കെ ശൈലജ.
ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ബ്രേക്ക് ദി ചെയിന്‍ ക്യാമ്പയിന് ആരംഭിച്ചതുമുതല്‍ ഒരു പ്രോട്ടോക്കോളും ലംഘിക്കാതെയാണ് പോകുന്നത്. ശാരീരിക അകലം പാലിക്കുന്നു, മാസ്ക് ധരിക്കുന്നു, കൈ കഴുകുന്നു, കൈ സാനിറ്റൈസര്‍ പതിവായി ഉപയോഗിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഓഫീസില്‍ ഒറ്റയ്ക്ക് ഇരിക്കുമ്പോള്‍ പോലും ഞാന്‍ മാസ്ക് മാറ്റാറില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ആളുകളോട് സംസാരിക്കുമ്പോള്‍ രണ്ട് മീറ്റര്‍ ദൂരം നിലനിര്‍ത്താന്‍ ഞാന്‍ കൂടുതല്‍ ശ്രദ്ധിക്കുന്നു. എന്നാലും നമുക്ക് അറിയില്ല, എവിടെ നിന്ന് വേണമെങ്കിലും വൈറസ് ബാധിച്ചേക്കാമെന്നും അഭിമുഖത്തില്‍ മന്ത്രി വ്യക്തമാക്കി.
ഓണ്‍ലൈന്‍ കോണ്‍ഫറന്‍സുകള്‍, പത്രസമ്മേളനങ്ങള്‍, മീറ്റിങ്ങുകള്‍ എന്നിവയ്ക്കെല്ലാമായി സ്ക്രീനിന് മുന്നില്‍ ശരാശരി അഞ്ച് മണിക്കൂര്‍ ചെലവഴിക്കുന്നുണ്ട്. കണ്ണുകള്‍ വേദനിക്കുന്നതിനെ തുടര്‍ന്ന് ഡോക്ടറെ കണ്ടിരുന്നുവെന്നും മന്ത്രി പറഞ്ഞു.
എല്ലാ വെള്ളിയാഴ്ചയും കണ്ണൂരിലെ വീട്ടിലേക്ക് പോകുമായിരുന്നു. ഞായറാഴ്ച വൈകുന്നേരം തിരുവനന്തപുരത്തേക്ക് മടങ്ങുന്നതായിരുന്നു പതിവ്. എന്നാല്‍ ഈ പ്രത്യേക സാഹചര്യത്തിന് ശേഷം, ഞാന്‍ എന്റെ കുടുംബത്തെ ഒരു തവണ മാത്രമേ സന്ദര്‍ശിച്ചിട്ടുള്ളൂ, അതും രണ്ടര മാസത്തെ ഇടവേളയ്ക്ക് ശേഷം. ഇപ്പോള്‍, അവരെ സന്ദര്‍ശിച്ചിട്ട് രണ്ട് മാസത്തിലേറെയായി എന്നും ആരോഗ്യ മന്ത്രി കെ.കെ ശൈലജ കൂട്ടിച്ചേര്‍ത്തു.
Discussion about this post