മലപ്പുറം: കോവിഡ് കാലത്ത് ഒരു ഓണ്‍ലൈന്‍ വിവാഹം കൂടി. വരന് മലപ്പുറത്ത് നിന്നും വധു സൗദിയില്‍ നിന്നും ഓണ്‍ലൈനിലെത്തിയാണ് നിക്കാഹ് നടന്നത്. പതിനൊന്ന് രാജ്യങ്ങളില്‍ നിന്നായി സുഹൃത്തുക്കളും ബന്ധുക്കളും ലൈവായി കല്യാണം കൂടി.
നിക്കാഹ് സമയത്ത് വരന് മുഹമ്മദ് നിയാസും അടുത്ത ബന്ധുക്കളും മലപ്പുറം എടക്കരയിലുള്ള വീട്ടിലായിരുന്നു ഉണ്ടായിരുന്നത്. വധു സംഹ അര്‍ഷദും കുടുംബവും സൗദി അറേബ്യയിലെ ജുബൈലിലുള്ള ഫ്ളാറ്റിലും. വിവാഹ കാര്‍മികത്വം വഹിച്ചത് കോട്ടക്കലില്‍ നിന്നാണ്.
സൂം, യൂ ട്യൂബ് ചാനല്‍ എന്നിവ വഴിയാണ് 11 രാജ്യങ്ങളില്‍ നിന്നുള്ള സുഹൃത്തുക്കളും ബന്ധുക്കളും വിവാഹത്തിന് സാക്ഷികളായത്. അമേരിക്ക, കാനഡ, ജര്‍മ്മനി, യുകെ, ആസ്ട്രേലിയ, യുഎഇ, കുവൈത്ത്, ആഫ്രിക്ക, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് വിവാഹത്തിന് ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തത്.
മുഹമ്മദ് നിയാസിന്റേയും സംഹയുടേയും വിവാഹം മെയ് 29 നായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ കോവിഡ് സാഹചര്യത്തില്‍ വിവാഹ തിയ്യതി മാറ്റി. യാത്രാ നിയന്ത്രണങ്ങള്‍ തുടരുന്നതും കോവിഡ് വ്യാപനത്തില്‍ കുറവില്ലാത്തതും കണക്കിലെടുത്താണ് വിവാഹം ഓണ്‍ലൈന്‍ ആയി നടത്താന്‍ ഇരു കുടുംബങ്ങളും തീരുമാനിച്ചത്.
ബന്ധുക്കളെല്ലാം വിവാഹത്തിന് കട്ട സപ്പോര്‍ട്ടും നല്കി. അങ്ങനെ മുഹമ്മദ് നിയാസും സംഹയും ഓണ്‍ലൈന്‍ നിക്കാഹിലൂടെ ഒന്നായി. കോവിഡ് കാലത്ത് ഓണ്‍ലൈന്‍ കല്യാണങ്ങള്‍ പതിവായി മാറുകയാണ്.
Discussion about this post