ക്വാറന്റീനില്‍ കഴിയവെ നെഞ്ചുവേദന, ആശുപത്രിയില്‍ കൊണ്ടുപോകാന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടും തിരിഞ്ഞുനോക്കാതെ നാട്ടുകാര്‍, ഒടുവില്‍ റിട്ട. ഗ്രഫ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

കായംകുളം: ക്വാറന്റീനില്‍ കഴിയുകയായിരുന്ന റിട്ട. ഗ്രഫ് ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണ് മരിച്ചു. കൃഷ്ണപുരം കാപ്പില്‍മേക്ക് തട്ടാരുടെ അയ്യത്ത് (ആതിര ഭവനം) മോഹനന്‍ ആണ് മരിച്ചത്. അറുപത് വയസ്സായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കഴിഞ്ഞദിവസം രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാന്‍ വാഹനം തിരക്കിയിരുന്നു. എന്നാല്‍ കോവിഡ് പേടിയില്‍ ആരും വരാന്‍ തയ്യാറായില്ല. തുടര്‍ന്ന് പഞ്ചായത്ത് മെമ്പര്‍ പാറയില്‍ രാധാകൃഷണന്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു.

എന്നാല്‍ അവരും സഹായിക്കാനായി എത്തിയില്ലെന്ന് രാധാകൃഷണന്‍ പറയുന്നു. തുടര്‍ന്ന് രണ്ടു മണിയോടെ സ്വകാര്യ ആംബുലന്‍സില്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും അദ്ദേഹത്തെ രക്ഷിക്കാനായില്ല. ഗ്രഫില്‍ നിന്നെത്തിയ മോഹനന്‍ 28 ദിവസത്തെ ക്വാറന്റയിന്‍ കഴിഞ്ഞ് പരിശോധനകള്‍ക്കു ശേഷം ഒരു മാസം മുന്‍പാണ് വീട്ടിലെത്തിയത്.

കഴിഞ്ഞ ദിവസം പ്രദേശത്ത് ഒരു ബാര്‍ബര്‍ തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹം മോഹനന്റെ വീട്ടില്‍ വന്നിരുന്നു. തുടര്‍ന്ന് വീട്ടിലുള്ളവരെല്ലാം വീണ്ടും ക്വാറന്റയിനില്‍ പ്രവേശിക്കുകയായിരുന്നു.

Exit mobile version