ആലപ്പുഴ: ബിവറേജസ് കോര്‍പ്പറേഷന്‍വഴിയുള്ള മദ്യവില്‍പ്പന കുത്തനെകുറഞ്ഞു. 270 ഷോപ്പുകളാണ് കോര്‍പ്പറേഷനുള്ളത്. നിലവില്‍ ഇതില്‍ 265 എണ്ണമാണ് പ്രവര്‍ത്തിക്കുന്നത്. അതില്‍ മിക്കതും നഷ്ടത്തിലായി. ശരാശരി 35കോടിരൂപ നിത്യവരുമാനമുണ്ടായിരുന്നിടത്ത് ഇപ്പോള്‍ ആറ്-ഏഴ് കോടിരൂപ മാത്രമായി.
ശരാശരി 11ലക്ഷംരൂപയുടെ വില്‍പ്പനയുണ്ടെങ്കിലേ ഒരുഷോപ്പ് ലാഭത്തിലാവൂ. എന്നാല്‍ മിക്ക ഷോപ്പിലും വില്‍പ്പന രണ്ടു-മൂന്നുലക്ഷം രൂപയുടേതു മാത്രമാണ്. ‘ആപ്പ്’ വന്നതാണ് പ്രതിസന്ധി രൂക്ഷമാക്കിയതെന്നാണ് കോര്‍പറേഷന്‍ ജീവനക്കാര്‍ പറയുന്നത്.
ആപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കോവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ പരിമിതിയുണ്ട്, ഉടന്‍ തന്നെ എല്ലാ പ്രശ്‌നവുംപരിഹരിക്കുമെന്നും ബിവറേജസ് കോര്‍പ്പറേഷന്‍ എംഡി സ്പര്‍ജന്‍ കുമാര്‍ അറിയിച്ചു.
ആപ്പ് വന്നതോടെ ഉപഭോക്താവിന് ഇഷ്ടമുള്ള കടയും സമയവും സാധനവും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നഷ്ടപ്പെട്ടു.
കോര്‍പ്പറേഷന്റെ ഉപഭോക്താക്കളില്‍ മിക്കവരും സാധാരണക്കാരാണ്. അവരില്‍ പലര്‍ക്കും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാനറിയില്ല. അതോടെ വൈകുന്നേരം ജോലി കഴിഞ്ഞുമടങ്ങുമ്പോള്‍ മദ്യംവാങ്ങുന്നപതിവു മുടങ്ങി. ആപ്പിലൂടെ ബുക്ക് ചെയ്യുമ്പോള്‍ സമയംകിട്ടുന്നത് മിക്കവാറും ഉച്ചയ്ക്ക് ഒരുമണിക്കുമുമ്പാണ്.
മറ്റുസമയത്ത് വെറുതേയിരിക്കുകയാണെന്നാണ് ഒരുജീവനക്കാരന്‍ പറഞ്ഞത്. ബിവറേജസ് കോര്‍പ്പറേഷന്‍ വില്‍പ്പനയുടെ 20 ശതമാനമാണ് ലഭിക്കുന്നത്. ഇതിലൂടെയാണ് ശമ്പളവും കടവാടകയുമുള്‍പ്പെടെ നല്‍കിയിരുന്നത്. വരുമാനം കുറഞ്ഞെങ്കിലും മേല്‍പ്പറഞ്ഞവയൊന്നുംകുറഞ്ഞില്ല. ഇതാണ് കോര്‍പ്പറേഷന്‍ നഷ്ടത്തിലേക്കുകൂപ്പുകുത്താന്‍ കാരണമാകുന്നത്.