തിരുവനന്തപുരം: മഹാത്മാഗാന്ധി യൂനിവേഴ്‌സിറ്റിയില്‍ ബിരുദ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ അതിഥി തൊഴിലാളി കുടുംബാംഗമായ പായല്‍ കുമാരിയെ വിളിച്ച് അഭിനന്ദനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിലും മികച്ച നേട്ടങ്ങള്‍ കൊയ്യാന്‍ പായലിനാകട്ടെ എന്ന് മുഖ്യമന്ത്രി ആശംസിച്ചു.
പെരുമ്പാവൂര്‍ മാര്‍ത്തോമ വനിത കോളേജില്‍നിന്ന് ബി.എ. ആര്‍ക്കിയോളജി ആന്‍ഡ് ഹിസ്റ്ററി പരീക്ഷയില്‍ 85 ശതമാനം മാര്‍ക്കാണ് പായല്‍ നേടിയത്. പായല്‍ കൈവരിച്ച നേട്ടം വലിയ സന്തോഷവും അഭിമാനവുമാണ് നല്‍കുന്നത്. കേരളത്തിലെ അതിഥി തൊഴിലാളികളുടെ ക്ഷേമത്തിനായി നമ്മള്‍ കാണിച്ച കരുതലുകള്‍ വെറുതെയാകുന്നില്ല എന്ന് ഈ വിജയം സാക്ഷ്യപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. അഭിനന്ദനം അറിയിച്ച കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി അറിയിച്ചത്.
ഫേസ്ബുക്ക് പോസ്റ്റ്:
മഹാത്മാഗാന്ധി യൂനിവേഴ്‌സിറ്റിയില്‍ ബിരുദ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ അതിഥി തൊഴിലാളി കുടുംബാംഗമായ പായല്‍ കുമാരിയെ വിളിച്ച് അഭിനന്ദനം അറിയിച്ചു. പെരുമ്പാവൂര്‍ മാര്‍ത്തോമ വനിത കോളേജില്‍നിന്ന് ബി.എ. ആര്‍ക്കിയോളജി ആന്‍ഡ് ഹിസ്റ്ററി പരീക്ഷയില്‍ 85 ശതമാനം മാര്‍ക്കാണ് പായല്‍ നേടിയത്.
ബിഹാറില്‍നിന്ന് തൊഴില്‍ തേടി കേരളത്തിലേക്കെത്തിയതാണ് പായല്‍ കുമാരിയുടെ അച്ഛന്‍ പ്രമോദ് കുമാര്‍. പല സ്ഥലങ്ങളിലായി ജോലി ചെയ്യുമ്പോഴും അദ്ദേഹം ശ്രദ്ധിച്ചത് ഒരു കാര്യം മാത്രം; മക്കളുടെ പഠനം മുടങ്ങാതിരിക്കുക. ആ കഠിനാധ്വാനം വെറുതെയായില്ലെന്ന് പായലിന്റെ നേട്ടം അടയാളപ്പെടുത്തുന്നു.
95 ശതമാനം മാര്‍ക്കോടെയാണ് പായല്‍ പ്ലസ് ടു പൂര്‍ത്തിയാക്കിയത്. എസ്.എസ്.എല്‍.സി.ക്ക് 83 ശതമാനം മാര്‍ക്കുമുണ്ടായിരുന്നു. കിട്ടുന്ന സമയമെല്ലാം പഠിക്കാനായി ഉപയോഗിക്കുകയെന്നതാണ് പായലിന്റെ ശീലം. പി. ജി.യാണ് അടുത്ത ലക്ഷ്യം. ജെ.എന്‍.യു. ഉള്‍പ്പെടെ ഇഷ്ടങ്ങളുണ്ട്. സിവില്‍ സര്‍വീസ് എന്ന വലിയ സ്വപ്നമാണ് പായലിനെ നയിക്കുന്നത്.
ബിഹാറിലെ ഷെയ്ഖ്പുര ജില്ലയില്‍ ഗോസെയ്മടി ഗ്രാമത്തില്‍ നിന്നാണ് പ്രമോദും കുടുംബവും കേരളത്തിലേക്കെത്തിയത്. പായല്‍ കൈവരിച്ച നേട്ടം വലിയ സന്തോഷവും അഭിമാനവുമാണ് നല്‍കുന്നത്. കേരളത്തിലെ അതിഥി തൊഴിലാളികളുടെ ക്ഷേമത്തിനായി നമ്മള്‍ കാണിച്ച കരുതലുകള്‍ വെറുതെയാകുന്നില്ല എന്ന് ഈ വിജയം സാക്ഷ്യപ്പെടുത്തുന്നു. ഇതിലും മികച്ച നേട്ടങ്ങള്‍ കൊയ്യാന്‍ പായലിനാകട്ടെ എന്ന് ആശംസിക്കുന്നു.