പെട്ടിമുടി ദുരന്തം; ഇന്ന് ആരെയും കണ്ടെത്താനായില്ല; തെരച്ചില്‍ തുടരുന്ന കാര്യത്തില്‍ നാളെ തീരുമാനം

ഇടുക്കി: പെട്ടിമുടി ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായ ആളുകള്‍ക്കായി ഇന്നു നടത്തിയ തെരച്ചിലില്‍ ആരെയും കണ്ടെത്തിയില്ല. ദുരന്തം നടന്ന പ്രദേശത്തു നിന്നും കിലോമീറ്ററുകളോളം ദൂരയുള്ള ഭൂതക്കുഴി പ്രദേശത്തും ഗ്രാവല്‍ ബാങ്ക് മേഖലയിലുമാണ് ഇന്ന് തെരച്ചില്‍ നടത്തിയത്.
ഭൂതക്കുഴി മേഖലയില്‍ കടുവയെ കണ്ടത് തെരച്ചില്‍ സംഘത്തിനിടയില്‍ ആശങ്ക പരത്തി.

ഇന്നലെ നടത്തിയ തെരച്ചിലിലും മൃതദേഹങ്ങളൊന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. കാണാതായവര്‍ക്കായി ഇതിനോടകം പരമാവധി മേഖലയില്‍ തെരച്ചില്‍ നടത്തി. അതിനാല്‍ തെരച്ചില്‍ ഇനി തുടരണമോയെന്ന കാര്യം നാളെ അപകടത്തില്‍ പെട്ടവരുടെ കുടുംബാംഗങ്ങളുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ അറിയിച്ചു. മൂന്നാറില്‍ നാളെ നടക്കുന്ന യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കും.

പെട്ടിമുടി ദുരന്തത്തില്‍ മരിച്ച 65 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. ഇനി അഞ്ച് പേരെ കൂടിയാണ് കണ്ടെത്താനുള്ളത്.മണ്ണിനടയില്‍പ്പെട്ട ലയങ്ങള്‍ നിന്ന സ്ഥലം കൂടാതെ മലവെള്ളം ഒഴുകി പോയ പാതയിലും സമീപത്തെ പുഴയോരത്തുമെല്ലാം ദൗത്യസേന ദിവസങ്ങളായി തിരച്ചില്‍ നടത്തി വരികയായിരുന്നു.

Exit mobile version