കൊച്ചി: ജിസിഡിഎ ഗസ്റ്റ് ഹൗസില്‍ നിന്ന് ഫര്‍ണിച്ചറുകള്‍ കടത്തിയ കേസില്‍ കെപിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ ജിസിഡിഎ ചെയര്‍മാനുമായ എന്‍ വേണുഗോപാലിനെ അറസ്റ്റ് ചെയ്തു. വേണുഗോപാലിന് ഒപ്പം മൂന്ന് ജീവനക്കാരെയും അറസ്റ്റ് ചെയ്തു. തുടര്‍ന്ന് ഇവരെ ജാമ്യത്തില്‍ വിട്ടു.
എന്‍ വേണുഗോപാലിന് പുറമെ അസി. ജിസിഡി സിവില്‍ സെക്ഷന്‍ എന്‍ജിനീയര്‍ ഷൈനി, മുന്‍ അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ മോഹനദാസന്‍, ഇലക്ട്രിക്കല്‍ സെക്ഷന്‍ മുന്‍ അസി. എന്‍ജിനീയര്‍ ദിലീപ് ഗോപാലകൃഷ്ണന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടത്.
ഒന്നേ കാല്‍ ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ കടത്തി എന്ന കേസിലാണ് കെപിസിസി ജനറല്‍ സെക്രട്ടറിയെ അറസ്റ്റ് ചെയ്തത്. 2016 ലെ ജിസിഡിഎ സെക്രട്ടറി ആണ് വേണുഗോപാലിനെതിരെ പരാതി നല്‍കിയത്. ഒന്നേ കാല്‍ ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ കാണാനില്ല എന്നായിരുന്നു പരാതി. പോലീസ് നടത്തിയ അന്വേഷണത്തില്‍ 50000 രൂപയുടെ ഉപകരണങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതിനിടെ, എറണാകുളം സെഷന്‍സ് കോടതിയെ സമീപിച്ച് വേണുഗോപാല്‍ മുന്‍കൂര്‍ ജാമ്യം എടുത്തിരുന്നു. അന്വേഷണവുമായി സഹകരിക്കാനുള്ള കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് കടവന്ത്ര പോലീസ് സ്റ്റേഷനില്‍ ഹാജറായത്.