തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് വിതരണം ചെയ്ത റംസാന്‍ കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് കേന്ദ്ര ധനകാര്യ മന്ത്രാലയം തനിക്ക് എതിരെ പ്രഖ്യാപിച്ച ഏത് അന്വേഷണവും നേരിടാന്‍ താന്‍ തയ്യാറാണെന്ന് മന്ത്രി കെടി ജലീല്‍. ഏത് ഏജന്‍സിക്ക് വേണമെങ്കിലും അന്വേഷിക്കാം. മടിയില്‍ കനമില്ലാത്തവന് ആരെപ്പേടിക്കാന്‍ ആണെന്നും മന്ത്രി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
ഫേസ്ബുക്ക് പോസ്റ്റ്:
ഏതന്വേഷണത്തിനും ആയിരംവട്ടം തയ്യാര്‍
——————————————————————–
UAE കോണ്‍സുലേറ്റ് വിതരണം ചെയ്ത റംസാന്‍ കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് എനിക്കെതിരെ കേന്ദ്ര ധനകാര്യ മന്ത്രാലയം അന്വേഷണം നടത്താന്‍ തീരുമാനിച്ചതായി ദൃശ്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് കാണാനിടയായി. ഏതന്വേഷണവും നേരിടാന്‍ ആയിരംവട്ടം തയ്യാര്‍. ഇക്കാര്യം ഞാന്‍ നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ഏത് ഏജന്‍സിക്ക് വേണമെങ്കിലും അന്വേഷിക്കാം. മടിയില്‍ കനമില്ലാത്തവന് ആരെപ്പേടിക്കാന്‍?
ഞാനും എന്റെ ഗണ്‍മാനും ഡ്രൈവറും പതിനാല് ദിവസത്തെ ക്വോറണ്ടൈന് ശേഷം ഇന്ന് കൊവിഡ് ടെസ്റ്റ് നടത്തിയിരുന്നു. എനിക്കും ഡ്രൈവര്‍ക്കും നെഗറ്റീവാണ്. ഗണ്‍മാന്റെ ഫലം പോസിറ്റീവാണ്. അദ്ദേഹത്തെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റും. ഞാനടക്കമുള്ളവരോട് കോറണ്ടൈനില്‍ പോവാന്‍ തിരുവനന്തപുരം ഡി.എം.ഒ അറിയിച്ചിട്ടുണ്ട്. ആര്‍ക്ക് എപ്പോള്‍ വേണമെങ്കിലും എന്നെ ഫോണില്‍ ബന്ധപ്പെടാവുന്നതാണ്