സൗകര്യമില്ല, കവിതയിലേക്ക് മടങ്ങി വന്നുകൂടേയെന്ന വായനക്കാരന്റെ ചോദ്യത്തിന് എടുത്തടിച്ച പോലെ മറുപടി നല്‍കി ബാലചന്ദ്രന്‍ ചുള്ളിക്കാട്; വീഡിയോ വൈറല്‍, വിമര്‍ശനം

കവിയും നടനുമായ ബാലചന്ദ്രന്‍ ചുളളിക്കാടിന്റെ വീഡിയോയാണ് കഴിഞ്ഞദിവസം മുതല്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാവിഷയം. പരിപാടിയില്‍ പങ്കെടുക്കവെ വായനക്കാര്‍ ചോദ്യങ്ങള്‍ ചോദിക്കുന്നതും അതിന് ബാലചന്ദ്രന്‍ ചുളളിക്കാട് നല്‍കിയ മറുപടിയുമാണ് വീഡിയോയിലുള്ളത്.

2018ല്‍ മാതൃഭൂമി സംഘടിപ്പിച്ച ലിറ്റററി ഫെസ്റ്റിവലില്‍ വായനക്കാരും കാണികളും അടങ്ങിയ പ്രേക്ഷകരോട് ബാലചന്ദ്രന്‍ ചുളളിക്കാട് നടത്തിയ സംവാദത്തിന്റെ ചെറു വീഡിയോയാണ് ഇന്നലെ മുതല്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചത്.

കാണികളിലെ പ്രായം ചെന്ന ഒരാളും, ഒരു സ്ത്രീയുമാണ് ബാലചന്ദ്രന്‍ ചുളളിക്കാടിനോട് ചോദ്യങ്ങള്‍ ഉയര്‍ത്തിയത്. കവിതയില്‍ നിന്ന് സിനിമയിലേക്കുളള ദൂരം എത്രയാണ്, തിരിച്ച് ഇനി കവിതയിലേക്ക് മടങ്ങി വരുമോ, നല്ല കവിതകള്‍ ആസ്വദിക്കാന്‍ ആഗ്രഹിക്കുന്ന ഒരുകൂട്ടം ആളുകള്‍ ഇന്നുണ്ട്.

സിനിമയുടെ കപടലോകത്ത് നിന്ന് മടങ്ങി വന്നൂകൂടേ എന്നായിരുന്നു ഒരു ചോദ്യം. ചെറിയ നിശബ്ദതയ്ക്ക് ശേഷം സൗകര്യമില്ല എന്നായിരുന്നു ഇതിന് കവിയുടെ മറുപടി. തനിക്ക് തോന്നുന്ന കാര്യങ്ങളാണ് താന്‍ ചെയ്യുന്നതെന്നും മറ്റാരും ആവശ്യപ്പെടുന്ന കാര്യങ്ങള്‍ താന്‍ ചെയ്യാറില്ലെന്നും അദ്ദേഹം പറഞ്ഞു. ഞാന്‍ എന്റെ ജീവിതമാണ് ജീവിക്കുന്നത്. മറ്റുളളവരുടെ ജീവിതം ജീവിക്കാന്‍ തനിക്ക് സൗകര്യമില്ലെന്നും അദ്ദേഹം പറയുന്നു.

സദസില്‍ കവിത ചൊല്ലുമ്പോള്‍ കണ്ഠമിടറിയതും കണ്ണുകള്‍ നിറഞ്ഞതും താങ്കളിലെ കവി ജീവിച്ചിരിക്കുന്നു എന്നതിന്റെ തെളിവായി ഞങ്ങള്‍ മനസിലാക്കുന്നു എന്നായിരുന്നു സദസില്‍ നിന്ന് ഒരു സ്ത്രീ ഉയര്‍ത്തിയ ചോദ്യം. നിരന്തരം കവിതകള്‍ എഴുതുന്നുണ്ടെന്നും ഇത് വായിക്കാത്തത് കുറ്റമൊന്നും അല്ലെന്നും പക്ഷേ ഇത്തരത്തിലുളള ചോദ്യങ്ങളാണ് പ്രശ്‌നമെന്നും ബാലചന്ദ്രന്‍ ചുളളിക്കാട് ദേഷ്യത്തോടെ പറയുന്നതും വീഡിയോയില്‍ കാണാം.

സിനിമ സംവിധായകനായ ബിലഹരി കെ രാജാണ് ഇത് ചെറിയ തഗൊന്നും അല്ല എന്ന കുറിപ്പോടെ ആദ്യം ഈ വീഡിയോ പങ്കുവെച്ചത്. ചോദ്യങ്ങള്‍ക്ക് ക്ഷുഭിതനായി മറുപടികള്‍ നല്‍കുന്ന ബാലചന്ദ്രന്‍ ചുളളിക്കാടിനെ ഹീറോയായിട്ടാണ് ഈ തഗ് വീഡിയോയില്‍ അവതരിപ്പിക്കുന്നത്.

വീഡിയോ സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്. ബാലചന്ദ്രന്‍ ചുളളിക്കാടിനെ എതിര്‍ത്തും അനുകൂലിച്ചും നിരവധി കുറിപ്പുകളും സംവാദങ്ങളുമാണ് ഇന്നലെ മുതല്‍ ഫേസ്ബുക്കില്‍ ഉയര്‍ന്നത്.

Exit mobile version