കരിപ്പൂര്‍: നീണ്ട മൂന്നുവര്‍ഷത്തിനു ശേഷം കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിച്ചു. ജിദ്ദയില്‍ നിന്നുള്ള സൗദി എയര്‍ലൈന്‍സ് വിമാനമാണ് ആദ്യം ലാന്റ് ചെയ്തത്. വാട്ടര്‍ സല്യൂട്ട് നല്‍കിയാണ് ആദ്യ വിമാനത്തെ വരവേറ്റത്. കരിപ്പൂരില്‍ ആദ്യ വിമാനത്തെ സ്വീകരിക്കാന്‍ ജനപ്രതിനിധികളും പ്രവാസികളും ഉള്‍പ്പെടെ നിരവധി പേരാണ് വിമാനത്താവളത്തില്‍ എത്തിയത്. വിപുലമായ ആഘോഷ പരിപാടികള്‍ക്കാണ് പ്രവാസികളും വിവിധ കൂട്ടായ്മകളും രൂപം നല്‍കിയിട്ടുള്ളത്.
റിയാദില്‍ നിന്ന് മൂന്നും ജിദ്ദയില്‍ നിന്ന് ആഴ്ചയില്‍ നാലും സര്‍വീസുകളാണ് ഉണ്ടാവുക. നിലവില്‍ തിരുവനന്തപുരം, കൊച്ചി, ഹൈദരാബാദ്, ദില്ലി, ബംഗളൂരു, ലക്നൗ, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലേക്ക് സൗദി എയര്‍ലൈന്‍സ് സര്‍വീസ് നടത്തുന്നുണ്ട്.
ഉച്ചക്ക് 1.10നു കരിപ്പൂരില്‍ നിന്നും യാത്ര തിരിക്കുന്ന വിമാനം വൈകുന്നേരം 4.40നു ജിദ്ദയിലെത്തും. യാത്രക്കാര്‍ക്ക് ഏറെ സൗകര്യങ്ങള്‍ നല്കുന്ന എയര്‍ ബസ് എ 330300 ഇനത്തില്‍പെട്ട വിമാനമാണ് സര്‍വീസിനുള്ളത്. 36 ബിസിനസ് ക്ലാസുകള്‍ ഉള്‍പ്പെടെ 298 സീറ്റുകളുണ്ട് വിമാനത്തില്‍.
Discussion about this post