കോഴിക്കോട്: 350 എപ്പിസോഡ് നീണ്ട എം- 80 മൂസ എന്ന സീരിയലാണ് നടന് വിനോദ് കോവൂരിനെ മലയാളികളുടെ പ്രിയപ്പെട്ടവനായി മാറ്റിയത്. എം- 80 മൂസയില്‍ മീന്‍കാരനായി വേഷമിട്ട വിനോദ് ഇപ്പോള്‍ യഥാര്‍ത്ഥ ജീവിതത്തിലും മീന്കാരനാവുകയാണ്.
കോവിഡ് പ്രതിസന്ധിയിലായതോടെ സിനിമയും സ്റ്റേജ് ഷോകളുമെല്ലാം ഇല്ലാതായി. എന്നാല്‍ ജീവിതം ഇനിയും മുന്നോട്ട് പോകേണ്ടതുണ്ടെന്ന യാഥാര്‍ത്ഥ്യമാണ് വിനോദിനെ മീന്‍ കച്ചവടത്തിലേക്ക് കൊണ്ടുചെന്നെത്തിച്ചത്. എന്നാല്‍ സീരിയലിലെ പോലെ കുഞ്ഞുവണ്ടിയില്‍ മീന്‍കാരനായി നാടുചുറ്റുകയല്ല വിനോദ്.
കോഴിക്കോട് ബൈപാസില്‍ ഹൈലൈറ്റ് മാളിനടുത്ത് നാല് പാര്‍ട്ണര്‍മാരുമായി ചേര്‍ന്ന് ശീതീകരണിയുള്ള മത്സ്യസ്റ്റാള്‍ ഒരുക്കുകയാണ്. കടയുടെ ഉദ്ഘാടനം ഓണത്തിന് തൊട്ടുമുമ്പാണ്. ‘ മൂസക്കായി സീഫ്രഷ് ‘ എന്നാണ് കടയ്ക്ക് നല്കിയ പേരും.
പുഴമീനും കടല്മത്സ്യവുമെല്ലാം ഇവിടെ ലഭ്യമാവും. മൂസക്കായിയെപ്പോലെ മീന്‍കച്ചോടം തുടങ്ങിക്കോളാന്‍ കൂട്ടുകാരാണ് പറഞ്ഞത്. ഇതോടയാണ് സീരിയല്‍താരം സീരിയസ്സായത്. റോഡരികിലെ കച്ചവടങ്ങള്‍ ഇല്ലാതായതോടെ കടയ്ക്ക് നല്ല സാധ്യതയുണ്ടെന്ന് അഭിഭാഷകനായ സഹോദരന് മനോജും വിനോദിന് ‘നിയമോപദേശം’ നല്കി.
ഇതാണ് വിനോദിനെ മീന്‍കച്ചവടത്തിലേക്ക് എത്തിച്ചത്. പാര്‍ട്ണര്‍മാരില്‍ രണ്ടുപേര്‍ ചാലിയത്ത് മത്സ്യബന്ധന ബോട്ടുള്ളവരാണ്. തുടര്‍ച്ചയായി നല്ല മത്സ്യംകിട്ടാന്‍ ഇത് വഴിയൊരുക്കും. മറ്റുരണ്ടുപേര്‍ ഐ.ടി.രംഗത്ത് തിരിച്ചടി നേരിട്ടവര്‍. ‘പൊരിച്ചോളീ, കറിവെച്ചോളീ…’ എന്നെഴുതിയ ഒന്നാംതരം പായ്ക്കില്‍ മുറിച്ച് വൃത്തിയാക്കി മസാലപുരട്ടിയ മീന്‍ വീടുകളിലെത്തിക്കാനും ഒരുക്കങ്ങളായിട്ടുണ്ട്.
നഗരത്തിന്റെ വിവിധ സ്ഥലങ്ങളില്‍ കടയുടെ പരസ്യത്തിനായി മൂസക്കായിയുടെ ചിത്രമുള്ള കൂറ്റന്‍ കട്ടൗട്ട് ഉടനുയരും. കൊച്ചിയില്‍ 14 ഇടത്ത് രമേഷ് പിഷാരടിയും ധര്മജന് ബോള്‍ഗാട്ടിയും ചേര്‍ന്ന് മത്സ്യവിപണനശൃംഖലയൊരുക്കിയിട്ടുണ്ട്. അതിന്റെ ഉദ്ഘാടനത്തിന് പോയപ്പോള്‍ അതുപോലെ കോഴിക്കോട്ടും ആരംഭിക്കാന്‍ അവര്‍ പ്രേരിപ്പിച്ചിരുന്നു.
കോവിഡ്കാലത്ത് ഒട്ടേറെ ഹ്രസ്വചിത്രങ്ങള്‍ സംവിധാനംചെയ്തിരുന്നു. മത്സ്യസ്റ്റാള്‍ തുടങ്ങിയാലും കലാജീവിതം തുടരും. ഇപ്പോള്‍ ഇങ്ങനെയൊരു കട അത്യാവശ്യമായെന്നുമാത്രം-47 സിനിമകളിലും അതിലേറെ സീരിയലുകളിലും അഭിനയിച്ച താരം പറയുന്നു.
Discussion about this post