തിരുവനന്തപുരം: കോടികളുടെ ബാധ്യതയുള്ളതിനാല്‍ കേന്ദ്രസര്‍ക്കാര്‍ വില്ക്കാന് തീരുമാനിച്ച ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ലിമിറ്റഡിനെ (എച്ച്.എന്‍.എല്‍.) സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനം. ആവശ്യമായ നടപടി സ്വീകരിക്കാന്‍ കിന്‍ഫ്രയ്ക്ക് നിര്‍ദേശം നല്കി.
ആവശ്യമായ പണം കിഫ്ബിയില്‍നിന്ന് അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 2019 മാര്‍ച്ച് 31 കണക്കാക്കിയുള്ള ധനകാര്യ റിപ്പോര്‍ട്ട് പ്രകാരം 409 കോടിരൂപയാണ് സ്ഥാപനത്തിന്റെ ബാധ്യത. ഹിന്ദുസ്ഥാന്‍ പേപ്പര്‍ കോര്പ്പറേഷന് നഷ്ടത്തിലായതോടെയാണ് വില്ക്കാന് കേന്ദ്രം തീരുമാനിച്ചത്.
കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ഹിന്ദുസ്ഥാന്‍ പേപ്പര്‍ കോര്‍പ്പറേഷന്റെ (എച്ച്.പി.സി.എല്‍.) സബ്സിഡിയറി കമ്പനിയാണ് കോട്ടയം വെള്ളൂരില്‍ പ്രവര്‍ത്തിക്കുന്ന എച്ച്.എന്‍.എല്‍. ഇത് സ്ഥാപിക്കാന്‍ 600 ഏക്കറിലേറെ സംസ്ഥാനം ഏറ്റെടുത്തുനല്കിയതാണ്.
എച്ച്.പി.സി.എല്ലിന്റെ ഓഹരിത്തുകയായ 25 കോടി സര്‍ക്കാര്‍ നല്‍കാമെന്നും സ്ഥാപനം പൊതുമേഖലയില്‍ നിലനിര്‍ത്തണമെന്നും കേരളം ആവശ്യപ്പെട്ടു. നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ സംസ്ഥാനസര്‍ക്കാരിന് ഓഹരി കൈമാറാന്‍ ഉത്തരവിടുകയും ചെയ്തു.
കോടികളുടെ ബാധ്യത തീര്‍പ്പാക്കുന്നതുസംബന്ധിച്ച് വ്യക്തതതേടി ആറ് ബാങ്കുകള്‍ ട്രിബ്യൂണലിനെ സമീപിച്ചതോടെ സംസ്ഥാനത്തിന്റെ ഓഹരിവാങ്ങല്‍ മുടങ്ങി. ആര്.ബി.എല്‍. ബാങ്ക് സമര്‍പ്പിച്ച അപേക്ഷയില്‍ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റിന്റെ ബാധ്യത കണക്കാക്കി സ്ഥാപനം കൈമാറണമെന്ന നിര്‍ദേശമാണ് ട്രിബ്യൂണല്‍ മുന്നോട്ടുവെച്ചത്.
ബാങ്കുകളുടെ അപേക്ഷയില്‍ തീര്‍പ്പുണ്ടാക്കാനും വില്‍പ്പന പൂര്‍ത്തിയാക്കാനും ട്രിബ്യൂണല്‍ ഒരാളെ നിയോഗിക്കുകയും ചെയ്തു. സ്ഥാപനം ഏറ്റെടുക്കാന്‍ താത്പര്യപത്രം ക്ഷണിച്ചപ്പോള്‍ സംസ്ഥാനസര്‍ക്കാരിന്റെ നിര്‍ദേശമനുസരിച്ച് നാല് പൊതുമേഖലാസ്ഥാപനങ്ങള്‍ പങ്കെടുത്തു.
ഇവ നാലിനും ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ഏറ്റെടുത്ത് നടത്താനാവുന്നതാണെന്ന യോഗ്യതാപത്രം ലഭിച്ചു. നാലുസ്ഥാപനങ്ങള്‍ക്ക് പകരം, കിന്‍ഫ്ര ഏറ്റെടുക്കല്‍ പ്ലാന്‍ സമര്‍പ്പിക്കും. ഇത് വ്യവസായവകുപ്പ് റിയാബിനെക്കൊണ്ട് തയ്യാറാക്കി കിന്‍ഫ്രയ്ക്ക് കൈമാറിയിട്ടുണ്ട്.
Discussion about this post