കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരിയില്‍ ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ക്ഷേത്രത്തില്‍ പട്ടികജാതി കുടുംബത്തിന് വിവാഹം നിഷേധിച്ചു. അത്തോളി ഗ്രാമ പഞ്ചായത്തിലെ കൂമുള്ളി തൃക്കോവില്‍ മഹാവിഷ്ണു ക്ഷേത്രത്തിലാണ് ദലിത് കുടുംബത്തിന് വിവാഹ ചടങ്ങുകള്‍ നടത്താനുള്ള അനുമതി നിഷേധിച്ചത്.
കൂമുള്ളി സ്വദേശിയായ യുവതിയും കോഴിക്കോട് ചേവായൂര്‍ സ്വദേശിയായ വരനും തമ്മില്‍ വെള്ളിയാഴ്ച നടക്കേണ്ടിയിരുന്ന വിവാഹത്തിനാണ് അനുമതി നിഷേധിച്ചത്. ജൂലൈ 17ന് ആയിരുന്നു വിവാഹ നിശ്ചയം. തുടര്‍ന്ന് യുവതിയുടെ ബന്ധുക്കള്‍ ക്ഷേത്ര ഭാരവാഹികളില്‍ നിന്നും കല്ല്യാണത്തിന് അനുമതി തേടിയിരുന്നു.
അനുമതി ലഭിച്ചതിനാല്‍ വിവാഹത്തിനായുള്ള ഒരുക്കങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍, വിവാഹം ക്ഷേത്രത്തില്‍ വെച്ച് നടത്താന്‍ കഴിയില്ലെന്ന് മൂന്നു ദിവസം മുമ്പ് ബന്ധപ്പെട്ടവര്‍ അറിയിക്കുകയായിരുന്നുവെന്ന് കുടുംബം പറയുന്നു. അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് സിപിഎം നേതൃത്വത്തില്‍ കൂമുള്ളി നോര്‍ത്ത് വായനശാലയില്‍വെച്ച്, നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ തന്നെ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വിവാഹം നടത്തി.
അതേസമയം ദലിത് കുടുംബത്തിന് അനുമതി നിഷേധിച്ചു എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ക്ഷേത്രക്കമ്മിറ്റിയുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ വീടിനടുത്താണ് കൂമുള്ളി തൃക്കോവില്‍ മഹാവിഷ്ണു ക്ഷേത്രം.
Discussion about this post