ആലുവ: ആലുവയിലെ മൂന്നുവയസ്സുകാരന്റെ മരണ കാരണം നാണയം വിഴുങ്ങിയതല്ലെന്ന് ശാസ്ത്രീയ പരിശോധനാഫലം. ശ്വാസംമുട്ടല്‍ മൂലമാണ് കുട്ടി മരിച്ചതെന്നാണ് പരിശോധനഫലം.നാണയം വിഴുങ്ങിയത് മൂലമല്ല ശ്വാസ തടസം ഉണ്ടായത്. ന്യൂമോണിയ ഹൃദയ അറകള്‍ക്കും ശ്വാസകോശത്തിനും തകരാറുണ്ടാക്കി. കൂട്ടിക്ക് ആവശ്യമായ ഓക്‌സിജന്‍ രക്തത്തില്‍ നിന്ന് ലഭിച്ചിരുന്നില്ലെന്നും പരിശോധന ഫലത്തില്‍ വ്യക്തമായി.
കുട്ടിക്ക് മുന്‍പും ശ്വാസതടസം ഉണ്ടായിട്ടുള്ളതായി സംശയം ഉയര്‍ന്നു. ആന്തരിക അവയവ പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.ആലുവ കടുങ്ങല്ലൂര്‍ സ്വദേശിയായ മൂന്ന് വയസുകാരന്‍ പൃഥ്വിരാജാണ് മരിച്ചത്. ഒരു രൂപ നാണയം വിഴുങ്ങി 18 മണിക്കൂറിനകമായിരുന്നു മരണം.
കുട്ടിയെ മൂന്ന് ആശുപത്രിയില്‍ കൊണ്ടുപോയിട്ടും ഡോക്ടര്‍മാര്‍ വിദഗ്ധ ചികിത്സ നല്‍കിയില്ല. ചികിത്സാപിഴവ് മൂലമാണ് മരണം സംഭവിച്ചത് എന്നായിരുന്നു കുട്ടിയുടെ ബന്ധുക്കളുടെ ആരോപണം. നാണയം വിഴുങ്ങിയതിന് പിന്നാലെ ആലുവ താലൂക്ക് ആശുപത്രി, എറണാകുളം ജനറല്‍ ആശുപത്രി, ആലപ്പുഴ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ കുട്ടിയെ എത്തിച്ചിരുന്നു. പഴവും വെള്ളവും കൊടുത്താല്‍ മലത്തിനോടൊപ്പം നാണയവും പുറത്തേക്ക് വരുമെന്ന് പറഞ്ഞ് ആശുപത്രികള്‍ ചികിത്സ നിഷേധിച്ചെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം.
അതേസമയം കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ വന്‍ കുടലിന്റെ ഭാഗത്തായി രണ്ട് നാണയങ്ങള്‍ കണ്ടെത്തിയിരുന്നു. മരണ കാരണം അറിയാനായി ശാസ്ത്രീയ പരിശോധന നടത്തുകയായിരുന്നു. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം സ്വദേശമായ കൊല്ലം പരവൂരില്‍ സംസ്‌കരിച്ചു.
Discussion about this post