കോഴിക്കോട്: സോഷ്യൽമീഡിയയിലൂടെയുള്ള പരിചയം മുതലെടുത്ത് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. പാലക്കാട് കപ്പൂർ പാറച്ചാലിൽ അഷ്‌കറിനെ (23) ആണു പോക്‌സോ കേസിൽ ചേവായൂർ പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ വീഡിയോ ദൃശ്യം നിർബന്ധിച്ച് കൈക്കലാക്കി പിന്നീട് ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് യുവാവ് അറസ്റ്റിലായത്.
വിദേശത്തു ജോലി ചെയ്യുന്നതിനിടെ 2018ൽ സോഷ്യൽമീഡിയയിലൂടെ പരിചയപ്പെട്ട പെൺകുട്ടിയുടെ വീഡിയോ ദൃശ്യം അഷ്‌കർ നിർബന്ധിച്ചു വാങ്ങുകയായിരുന്നു. പിന്നീട് പെൺകുട്ടി യുവാവുമായി തെറ്റിപ്പിരിഞ്ഞതോടെ വീഡിയോ ദൃശ്യം പെൺകുട്ടിയുടെ മാതാവിനും മറ്റു പലർക്കും അഷ്‌കർ അയച്ചു കൊടുത്തു.
തുടർന്ന് മാതാവ് പോലീസിൽ പരാതിപ്പെടുകയായിരുന്നു. വിദേശത്തുനിന്ന് എത്തിയ യുവാവിനെ എസ്‌ഐ വി രഘു, സീനിയർ സിവിൽ പോലീസ് ഓഫിസർ കെ ഷാജി പാലേരി, സിവിൽ പോലീസ് ഓഫീസർമാരായ ജിനോയ്, രാജേഷ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Discussion about this post