നെടുമങ്ങാട്: അടച്ചുറപ്പുള്ള ഒരു വീട്ടിൽ കഴിയണമെന്ന ആഗ്രഹത്തിനായി നെട്ടോട്ടമോടുന്നതിനിടെ സ്‌കൂട്ടർ അപകടത്തിൽ മരിച്ച അഖിലയെന്ന വീട്ടമ്മയുടെ ഏക മകന് ഇന്നുമുതൽ സുരക്ഷിതമായി സ്വന്തം വീട്ടിൽ കിടന്നുറങ്ങാം. എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ശ്രീഹരി ഋഷികേശിനാണ് നഗരസഭയുടെ നേതൃത്വത്തിൽ വീട് ഒരുങ്ങിയത്. വീടിന്റെ താക്കോൽ ദാനം വൈകീട്ട് മന്ത്രി കടകംപള്ളി സുരേന്ദ്രൻ കൈമാറും.
നെട്ടമണക്കോടുള്ള നാലര സെന്റിൽ ലൈഫ് ഭവന പദ്ധതിയിൽ അനുവദിച്ച വീടിന്റെ മേൽക്കൂര വാർക്കാനുള്ള തയാറെടുപ്പിനിടയിലാണ് ജനുവരി 27ന് അഖിലയുടെ മരണം. തുടർന്ന് വാർഡ് കൗൺസിലർ കെജെ ബിനു ,നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ സെക്രട്ടറി സ്റ്റാലിൻ നാരായണൻ എന്നിവരുടെ പരിശ്രമമാണ് അഖിലയുടെ സ്വപ്നം മരണശേഷം പൂർത്തിയാക്കാനായത്.
നാല് ലക്ഷം രൂപയാണ് വീടിന് ലൈഫ് ഭവന പദ്ധതിയിൽ അനുവദിച്ചിരുന്നത്. പക്ഷേ തുക തികയാതെ വന്നതോടെ നാട്ടുകാരുടെ അകമഴിഞ്ഞ സഹായത്തോടെയാണ് വീടിന്റെ പണി പൂർത്തിയാക്കിയത്. നഗരസഭ ജീവനക്കാർ പെയ്ന്റിങ് ജോലികൾ നിർവഹിച്ചു. ടൈലിന്റെ പണി നഗരസഭ ഡ്രൈവർ ഷാജിയാണ് നിർവഹിച്ചത്.
കുടുംബശ്രീ പ്രവർത്തകർ ഓരോ വീട്ടിൽ നിന്നും രണ്ട് രൂപ വീതം ശേഖരിച്ചു കിണർ നിർമ്മിച്ചു. മറ്റുപണികളിൽ ഏർപ്പെട്ടത് കുടുംബശ്രീയുടെ കൺസ്ട്രക്ഷൻ യുണിറ്റിലെ തൊഴിലാളികളാണ്. കെഎസ്ഇബി സൗജന്യമായി പോസ്റ്റിട്ട് വൈദ്യുതി നൽകി. ഉഴമലയ്ക്കൽ എസ്എൻഎച്ച്എസ്എസ്സിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ശ്രീഹരി ഋഷികേശ് മുത്തച്ഛൻ കൃഷ്ണൻകുട്ടി, അമ്മൂമ്മ ലളിത എന്നിവരോടൊപ്പം അഖിലയുടെ സഹോദരന്റെ വീട്ടിലാണ് കഴിഞ്ഞുവരുന്നത്.
Discussion about this post