തൃശ്ശൂർ: വലത്പക്ഷ നിരീക്ഷകനെന്ന് വിശേഷിപ്പിച്ചതിൽ പ്രതിഷേധിച്ച് ഇന്നലത്തെ ചാനൽ ചർച്ച ബഹിഷ്‌കരിച്ച് സംവാദകൻ ശ്രീജിത്ത് പണിക്കർ. മീഡിയ വൺ ചാനലിലെ ഹോട്ട് ലൈൻ എന്ന വൈകീട്ടത്തെ ചാനൽ ചർച്ചയിൽ നിന്നും പിൻവാങ്ങുന്നതായി ശ്രീജിത്ത് തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചതും, പിന്നീട് കാരണം വ്യക്തമാക്കി ലൈവിൽ വന്നതും.
മീഡിയ വൺ ചാനൽ തന്നെ വലത് നിരീക്ഷകൻ എന്ന് വിശേഷിപ്പിച്ചതിനാൽ ചാനൽ ചർച്ച ബഹിഷ്‌കരിക്കുകയാണെന്നായിരുന്നു ശ്രീജിത്തിന്റെ പ്രതികരണം. വലത് നിരീക്ഷകൻ എന്ന് വിശേഷണത്തോട് യോജിക്കാത്തത് കൊണ്ടാണ് താൻ ചർച്ചയിൽ പങ്കെടുക്കാതിരുന്നതെന്ന് ശ്രീജിത്ത് പണിക്കർ ഫെയ്‌സ്ബുക്ക് ലൈവിലൂടെ പറഞ്ഞു.
പ്രശാന്ത് ഭൂഷണിന്റെ നിലപാടും കോടതി നടപടികളും ചർച്ച ചെയ്യാനായി 7.30 ന് മീഡിയവണ്ണിൽ നടക്കേണ്ടിയിരുന്ന ചർച്ചയിൽ പങ്കെടുക്കാൻ താൻ തീരുമാനിച്ചിരുന്നെന്നും പിന്നീട് ചർച്ചയ്ക്ക് അര മണിക്കൂർ മുമ്പ് തന്നെ വലത് നിരീക്ഷകൻ എന്നായിരിക്കും വിശേഷിപ്പിക്കുകയെന്ന് അറിയിച്ചെന്നും ശ്രീജിത്ത് പണിക്കർ പറഞ്ഞു. അത് അംഗീകരിക്കാനാവില്ല എന്ന് പറഞ്ഞ ശ്രീജിത്ത് തന്റെ പൊസിഷൻ ചാനൽ നിർണയിക്കുന്നത് ശരിയല്ലെന്നും ജനാധിപത്യപരമല്ലെന്നും പറഞ്ഞു.
അതേസമയം, മലയാള വാർത്താ ചാനലുകളിൽ ബിജെപിയുടെയും സംഘപരിവാറിന്റെയും നാവായി പ്രവർത്തിക്കുന്ന അദ്ദേഹത്തെ നിഷ്പക്ഷനായല്ല സോഷ്യൽമീഡിയയും ജനങ്ങളും വിലയിരുത്തിയിരിക്കുന്നത് എന്നതാണ് യാഥാർത്ഥ്യം. ചർച്ചകളിൽ പൊതുവെ, ബിജെപി, സംഘപരിവാർ അനുകൂല നിലപാട് സ്വീകരിക്കുന്ന ശ്രീജിത്തിനെ നിഷ്പക്ഷനായി അവതരിപ്പിക്കാൻ കഴിയില്ലെന്ന് ചാനലും അറിയിച്ചതോടെയാണ് ചർച്ചയ്ക്കില്ലെന്ന് ശ്രീജിത്ത് അറിയിച്ചത്. ഇത് സോഷ്യൽമീഡിയയിൽ വലിയ ചർച്ചകൾക്കും ട്രോളുകൾക്കും കാരണമായിട്ടുണ്ട്.
Discussion about this post