കോട്ടയം: ആഘോഷങ്ങളൊന്നുമില്ലാതെ ലളിതമായി വിവാഹം കഴിക്കുന്നതിനാൽ വിവാഹ സമ്മാനം ഒഴിവാക്കണമെന്ന് ബിനു സെബാസ്റ്റ്യൻ സുഹൃത്തുക്കളോട് സ്‌നേഹത്തോടെ അഭ്യർത്ഥിച്ചിരുന്നു. ഇതുപൂർണ്ണമായും പാലിച്ച സുഹൃത്തുക്കൾ പക്ഷെ, വെറുതെയിരിക്കാൻ തയ്യാറായില്ല. വിവാഹസമ്മാനത്തിനായി കരുതിയ പണം വധൂവരൻമാരുടെ പേരിൽ പോലീസിന് ബാരിക്കേഡ് സ്ഥാപിക്കാനായി നൽകി വ്യത്യസ്തരാവുകയാണ് ചെയ്തത്. ആർപ്പൂക്കര സ്വദേശിയും ക്രെയിൻ ഓപ്പറേറ്ററുമായ ബിനു സെബാസ്റ്റ്യൻ കൊച്ചുപോങ്ങാവനയും ജുബിനാ പാലനിൽക്കുംപറമ്പിലും തമ്മിലുള്ള വിവാഹത്തിനാണ് സുഹൃത്തുക്കൾ നാടിന് ഉപകരിക്കുന്ന സമ്മാനം നൽകിയത്.
ബിനുവിന്റേയും ജുബിനയുടേയും വിവാഹം ഇന്നലെ കുടമാളൂർ പള്ളിയിൽ വച്ചാണു നടന്നത്. ഈ വിവാഹത്തിന് ബിനുവിന്റെ സുഹൃത്തുക്കളായ യൂത്ത് കോൺഗ്രസ് മണ്ഡലം ഭാരവാഹികളാണു വ്യത്യസ്തമായ വിവാഹ സമ്മാനം ഒരുക്കിയത്. പഞ്ചായത്തിലെ കണ്ടെയ്ൻമെന്റ് മേഖലകളിൽ റോഡ് അടയ്ക്കാൻ പോലീസിനു ബാരിക്കേഡ് ഇല്ലാത്ത സാഹചര്യമുണ്ടായിരുന്നു. ഇതോടെയാണു ബാരിക്കേഡ് നിർമ്മിച്ചു നൽകാൻ ഇവർ തീരുമാനിച്ചത്.
വധുവരൻമാർക്ക് ആശംസയും ബ്രേക്ക് ദ് ചെയിൻ സന്ദേശവും ബാരിക്കേഡിലുണ്ട്. വിവാഹശേഷം മടങ്ങിയപ്പോൾ പനമ്പാലം ജംക്ഷനിൽ ദമ്പതികൾ ചേർന്നു ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ജി ഗോപകുമാറിനു ‘സമ്മാനം’ കൈമാറി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കാർത്തിക് എഴുപതിൽ, ആനന്ദ് പഞ്ഞിക്കാരൻ, എം മുരളി, സോബിൻ തേക്കേടം, എസി തോമസ്, അരുൺ ഫിലിപ്, റോസ്‌ലി ടോമിച്ചൻ, ദീപ ജോസ്, കൊച്ചുമോൻ ജോസഫ്, ജിബിൻ ജോസഫ്, ബിബിൻ വെള്ളാപ്പള്ളി, കാർത്തിക് മുണ്ടപ്ലാക്കൽ എന്നിവർ നേതൃത്വം നൽകി.