തിരുവനന്തപുരം: കൊവിഡ് രോഗികളുടെ ഫോണ്‍ രേഖകള്‍ ശേഖരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിനെ അനുകൂലിച്ച് ഹൈക്കോടതി. സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കുകയും ചെയ്തു. ‘ദിവസവും കൊവിഡ് രോഗികളുടെ എണ്ണം കൂടുകയാണ്. അതിനാല്‍ കൊവിഡ് രോഗികളുടെ ഫോണ്‍ രേഖകള്‍ ശേഖരിക്കുന്നതില്‍ തെറ്റില്ല’, ഹൈക്കോടതി വ്യക്തമാക്കി.
സര്‍ക്കാര്‍ തീരുമാനത്തില്‍ അപാകതയില്ലെന്നും ടവര്‍ ലൊക്കേഷന്‍ മാത്രമാണ് ശേഖരിക്കുന്നതെന്ന സര്‍ക്കാര്‍ വാദം അംഗീകരിക്കുന്നതായും കോടതി പറയുന്നു. ദിവസേന കൊവിഡ് ബാധിതര്‍ വര്‍ധിക്കുന്ന സാഹചര്യമാണുള്ളതെന്ന് ചെന്നിത്തലയോട് കോടതി പറഞ്ഞു. സെല്ലുലാര്‍ കമ്പനികളെ കേസില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്നും കഴിഞ്ഞ ദിവസം ടവര്‍ ലൊക്കേഷന്‍ എടുക്കുന്നതില്‍ കുഴപ്പമില്ലെന്ന് പറഞ്ഞിട്ട് ഇപ്പോള്‍ പുതുതായി കാര്യങ്ങള്‍ എന്താണ് പറയുന്നതെന്നും കോടതി ചോദിക്കുന്നു.
കൊവിഡ് രോഗികളുടെ സിഡിആര്‍ ശേഖരണത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സമ്പര്‍ക്ക പട്ടിക തയ്യാറാക്കാന്‍ ഇത്തരത്തില്‍ വിവരശേഖരണം നടത്തുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ചാണ് രമേശ് ചെന്നിത്തല കോടതിയെ സമീപിച്ചത്.
Discussion about this post