അബൂബക്കര്‍ കൗതുകം തോന്നി എടുത്ത ചിത്രം നാടിന് സമ്മാനിച്ചത് 40 ലക്ഷത്തിന്റെ റോഡ് വികസനം; സംഭവം ഇങ്ങനെ

കൊച്ചി: മത്സ്യ കൃഷിക്കാരനായ എരമം പെരുനിലത്ത് അബൂബക്കര്‍ കൗതുകത്തിന് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ ചിത്രത്തിന് ഒരു വര്‍ഷത്തിനു ശേഷം ലഭിച്ചത് 40 ലക്ഷത്തിന്റെ റോഡ് വികസനമാണ്. കടുങ്ങല്ലൂര്‍ പഞ്ചായത്തില്‍ എരമം നിവാസികളുടെ ചിരകാല ആഗ്രഹമായ വഴിയാണ് ഒരൊറ്റ ചിത്രത്തിലൂടെ അബൂബക്കര്‍ സാധിച്ചെടുത്തത്. എരമംമുപ്പത്തടംകാമ്പിള്ളി റോഡ് 6 മീറ്റര്‍ വീതിയില്‍ ടൈല്‍ വിരിച്ച് പുനര്‍നിര്‍മിക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായിരിക്കുകയാണ്.

മുപ്പത്തടഞ്ഞു നിന്ന് എരമത്തേക്കു സ്‌കൂട്ടറില്‍ പോകുകയായിരുന്നു അബൂബക്കര്‍. കാമ്പിള്ളി റോഡില്‍ എടയാറ്റുചാല്‍ പാടത്ത് എത്തിയപ്പോള്‍ കണ്ടത് ഓട്ടോറിക്ഷ പാടത്തേക്കു മറിഞ്ഞു കിടക്കുന്നതാണ്. ഓട്ടോയില്‍ ആരും ഉണ്ടായിരുന്നില്ല. 2 ചെരുപ്പു മാത്രം ഉള്ളിലുണ്ടായിരുന്നു. ഉടന്‍ ത്‌നനെ അബൂബക്കര്‍ ഈ രംഗം പകര്‍ത്തി. തുടര്‍ന്ന് അവിടെ നിരന്തരം ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ചു ചിത്രം സഹിതം ഫേസ്ബുക്കില്‍ പങ്കുവെയ്ക്കുകയും ചെയ്തു. പിന്നാലെ അതിനു ചുവടെ വന്ന ചര്‍ച്ചകള്‍ ഒരു കൂട്ടായ്മയായി വളര്‍ന്നു. തുടര്‍ന്ന് എരമം ബാലവാടിയില്‍ നടന്ന സര്‍വകക്ഷി യോഗം കാമ്പിളളി റോഡ് പുനര്‍ നിര്‍മാണ കമ്മിറ്റി രൂപീകരിച്ചു.

പ്രസിഡന്റായി അബൂബക്കറിനെയും സെക്രട്ടറിയായി വസീര്‍ മുഹമ്മദിനെയും ട്രഷററായി കെകെ അബ്ദുല്‍ ഖാദറിനെയും തെരഞ്ഞെടുത്തു. 3 മീറ്റര്‍ വീതിയുള്ള ഇടുങ്ങിയ റോഡിന്റെ വീതി ഇരട്ടിയെങ്കിലും ആക്കണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. ഇതറിഞ്ഞ് വികെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എ സഹായഹസ്തവുമായി രംഗത്തെത്തി. 200 മീറ്റര്‍ നീളമുള്ള റോഡ് 6 മീറ്റര്‍ വീതിയിലേക്കുയര്‍ത്തി ടൈല്‍ വിരിക്കാന്‍ അദ്ദേഹം എംഎല്‍എ ഫണ്ടില്‍ നിന്നു 40 ലക്ഷം രൂപ അനുവദിച്ചു.

Exit mobile version