കൊച്ചി; എംജി യൂണിവേഴ്സിറ്റി ബിരുദ പരീക്ഷയില്‍ ഇതരസംസ്ഥാന തൊഴിലാളിയുടെ മകള്‍ക്ക് ഒന്നാം റാങ്ക്. ബിഹാര്‍ സ്വദേശിയായ പ്രമോദ് കുമാറിന്റെ മകള്‍ പായല്‍ കുമാരിയാണ് ബിഎ ആര്‍ക്കിയോളജി ആന്റ് ഹിസ്റ്ററി പരീക്ഷയില്‍ ഒന്നാംറാങ്ക് നേടി അഭിമാനമായത്.
85 ശതമാനം മാര്‍ക്കാണ് ബിഎ ആര്‍ക്കിയോളജി ആന്റ് ഹിസ്റ്ററിയില്‍ (സെക്കന്റ് മോഡ്യൂള്‍) പായല്‍ നേടിയത്. പെരുമ്പാവൂര്‍ മാര്‍ത്തോമ വനിത കൊളേജ് വിദ്യാര്‍ത്ഥിനിയായിരുന്നു പായല്‍. ബിഹാറിലെ ഷെയ്ക്ക്പുരയിലെ ഗോസായ്മതി ഗ്രാമത്തില്‍ നിന്നുള്ള പ്രമോദ്കുമാര്‍ ദീര്‍ഘകാലമായി കൊച്ചിയിലാണ് താമസിക്കുന്നത്.
എറാണകുളത്ത് വീട്ടുജോലിക്കാരനാണ് പ്രമോദ് കുമാര്‍. മകളുടെ നേട്ടത്തില്‍ നിറഞ്ഞ സന്തോഷത്തിലാണ് അദ്ദേഹവും കുടുംബവും. മകളെ തുടര്‍ന്ന് പഠിപ്പിക്കാനുള്ള തീരുമാനത്തിലാണ് പ്രമോദും ഭാര്യ ബിന്ദു ദേവിയും. മകളെ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥയായി കാണണമെന്നാണ് ഈ ബിഹാറി ദമ്പതികളുടെ ആഗ്രഹം.
പത്താം ക്ലാസ് പ്ലസ് ടു പരീക്ഷയിലും പായല്‍ ഉന്നത വിജയം നേടിയിരുന്നു. പത്താം ക്ലാസ് മുതല്‍ പുരവസ്തു ഗവേഷണത്തോടും, ചരിത്രത്തോടും തോന്നിയ താല്‍പ്പര്യമാണ് ഈ വിഷയത്തില്‍ ബിരുദം എടുക്കാന്‍ കാരണമെന്ന് പായല്‍ പറയുന്നു.
ബിരുദാനന്തര ബിരുദം ചെയ്യാനൊരുങ്ങുകയാണ് പായല്‍. കേരളത്തില്‍ വന്നിട്ട് വര്‍ഷങ്ങളായതിനാലും പഠിച്ചതും വളര്‍ന്നതും ഇവിടെ ആയതിനാലും നന്നായി മലയാളം സംസാരിക്കും പായല്‍. ഒരു സഹോദരനും സഹോദരിയുമാണ് പായലിന് ഉള്ളത്. മൂത്ത സഹോദരന് ആകാശ് കുമാര്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. സഹോദരി പല്ലവി രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്.
Discussion about this post