വിമാനയാത്രക്കാരുടെ താല്‍പര്യങ്ങളാണ് വലുത്; തിരുവനന്തപുരം വിമാനത്താവള സ്വകാര്യവല്‍ക്കരണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വാദങ്ങളെ പിന്തുണച്ച് ശശി തരൂര്‍

രുവനന്തപുരം: സര്‍ക്കാരിന്റേതല്ല, വിമാനയാത്രക്കാരുടെ താല്‍പര്യങ്ങളാണ് വലുതെന്നും ശശി തരൂര്‍ എംപി. തിരുവനന്തപുരം വിമാനത്താവള സ്വകാര്യവല്‍ക്കരണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വാദങ്ങളെ പിന്തുണച്ച് രംഗത്തെത്തിയതായിരുന്നു ശശി തരൂര്‍. എയര്‍പോര്‍ട്ട് വിഷയത്തില്‍ തന്റെ നിലപാട് വ്യക്തവും സ്ഥിരതയുള്ളതുമാണെന്ന് തരൂര്‍ അവകാശപ്പെടുന്നു.

സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച വ്യവസ്ഥകളോടെയാണ് ലേലം നടന്നത്. സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ നിര്‍ദേശങ്ങളും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. ക്രമക്കേടുകളില്ലാതെ നടന്ന ലേലത്തില്‍ പരാജയപ്പെട്ടപ്പോള്‍ ചോദ്യങ്ങളുന്നയിക്കുന്നു. സര്‍ക്കാരിന്റേതല്ല, വിമാനയാത്രക്കാരുടെ താല്‍പര്യങ്ങളാണ് വലുതെന്നും ശശി തരൂര്‍ വ്യക്തമാക്കി.

വോട്ടര്‍മാരോട് ഒരു നിലപാട് പറഞ്ഞ് ഇലക്ഷന്‍ കഴിഞ്ഞാല്‍ പിന്നെ തരം പോലെ നിലപാട് മാറ്റുന്ന രാഷ്ട്രീയക്കാരുടെ കൂട്ടത്തില്‍ തന്നെ ഉള്‍പ്പെടുത്തേണ്ടതില്ല. തന്റെ സഹപ്രവര്‍ത്തകര്‍ മറ്റൊരു നിലപാട് എടുക്കുന്നതിന് മുന്‍പ് അഭിപ്രായം ചോദിച്ചിരുന്നെങ്കില്‍ കൃത്യമായും നിലപാട് അവരോട് വിശദീകരിക്കുമായിരുന്നുവെന്നും ശശി തരൂര്‍ പറഞ്ഞു.

തന്റെ നിയോജക മണ്ഡലത്തിന്റെ താല്പര്യത്തിന് വേണ്ടിയാണ് നിലപാടെടുത്തിട്ടുള്ളതും അതിനെക്കുറിച്ച് സംസാരിക്കുന്നതും. ഒരു എംപി എന്ന നിലയില്‍ തന്റെ ജോലിയാണ് അതെന്നും ശശി തരൂര്‍ വിശദീകരിച്ചു.വിമാനത്താവള സ്വകാര്യവല്‍ക്കരണത്തെ അനുകൂലിച്ച ശശി തരൂരിന് പരോക്ഷ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നേരത്തെ രംഗത്തെത്തിയിരുന്നു.

അദാനിയുടെ പേ റോളില്‍ ആകേണ്ട കാര്യം താനടക്കം ഒരു കോണ്‍ഗ്രസ് നേതാവിനുമില്ലെന്നാണ് മുല്ലപ്പള്ളി പറഞ്ഞത്.ഇന്നല മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗവും വിമാനത്താവള സ്വകാര്യവത്കരണത്തോട് വിയോജിച്ചു. സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്ന എല്ലാ നടപടികള്‍ക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.

Exit mobile version