തൃപ്പൂണിത്തുറ: കൊവിഡ് 19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ തൃപ്പൂണിത്തുറ അത്തം ഘോഷയാത്രയില്ല. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അത്തം ആഘോഷങ്ങള്‍ ഒഴിവാക്കണമെന്ന് ആരോഗ്യ വിഭാഗം നിര്‍ദ്ദേശിച്ചിരുന്നു. ഇതേതുടര്‍ന്നാണ് തൃപ്പൂണിത്തുറ നഗരസഭ കൗണ്‍സില്‍ ഇത്തരൊരു തീരുമാനം എടുത്തത്.
തൃപ്പൂണിത്തുറ നഗരസഭയുടെ നേതൃത്വത്തില്‍ നടത്തിവരാറുള്ള മറ്റ് ആഘോഷ പരിപാടികളും ഇത്തവണ ഉണ്ടാകില്ല. എന്നാല്‍ ഓണാഘോഷത്തിന്റെ ഭാഗമായി അത്തം നാളായ നാളെ രാവിലെ ഒമ്പത് മണിക്ക് തൃപ്പൂണിത്തുറ ഗവണ്‍മെന്റ് ബോയ്സ് സ്‌കൂള്‍ മൈതാനിയില്‍ അത്തപ്പതാക ഉയര്‍ത്തും.
കൊച്ചി രാജഭരണകാലത്ത് നടന്നിരുന്ന അത്തച്ചമയത്തിന്റെ സ്മരണകളുയര്‍ത്തിയാണ് വര്‍ണ്ണശബളമായ അത്തം ഘോഷയാത്ര നടന്നിരുന്നത്. പതിനായിരങ്ങളാണ് ഘോഷയാത്ര കാണാന്‍ തൃപ്പൂണിത്തുറയില്‍ എത്താറുള്ളത്.