തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ സപ്ലൈകോയുടെ ഓണച്ചന്തകള്‍ പ്രവര്‍ത്തനം തുടങ്ങും. കൊവിഡ് ചട്ടങ്ങള്‍പാലിച്ചാണ് പ്രവര്‍ത്തനങ്ങള്‍. രാവിലെ പത്ത് മണി മുതല്‍ വൈകീട്ട് ആറുവരെയാണ് ഓണം ജില്ലാ ഫെയറുകള്‍ പ്രവര്‍ത്തിക്കുക. ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ക്ക് അടക്കം മുപ്പതു ശതമാനം വരെ വിലക്കുറവുണ്ടാകും. താലൂക്ക് തല ഓണച്ചന്തകള്‍ 26 മുതല്‍ പ്രവര്‍ത്തിക്കും.
അതേസമയം ഓണവിപണിയില്‍ ഗുണനിലവാര പരിശോധനയ്ക്ക് ഭക്ഷ്യസുരക്ഷാ സംഘങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും തട്ടുകടകള്‍ അടക്കമുള്ളവയുടെ ശുചിത്വവും പരിശോധിക്കും. മായം കലര്‍ന്ന പാല് സംസ്ഥാനത്ത് എത്തുന്നത് തടയുന്നതിനായി ക്ഷീര വികസന വകുപ്പ് വാളയാര്‍, കമ്പംമെട്, പാറശാല എന്നിവിടങ്ങളില്‍ പ്രത്യേക പരിശോധന കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്.
അതേസമയം കഴിഞ്ഞ ദിവസം വിജിലന്‍സിന്റെ മിന്നല്‍ പരിശോധനയില്‍ ഓണക്കിറ്റുകളില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. പായ്ക്ക് ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ അളവില്‍ കുറവുള്ളതായും ഗുണനിലവാരം കുറവാണെന്നും വ്യക്തമായി. ഓപ്പറേഷന് ക്ലീന്‍ കിറ്റെന്ന പേരില്‍ സംസ്ഥാനവ്യാപകമായി കഴിഞ്ഞ ദിവസം വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തിയിരുന്നു. പാക്കിങ് സ്റ്റോറുകളിലും മാവേലി സ്റ്റോറുകളിലും റേഷന്‍ കടകളിലുമാണ് വിജിലന്‍സ് പരിശോധന നടത്തിയത്. വരും ദിവസങ്ങളില്‍ പരിശോധന തുടരും.
Discussion about this post