ഹയര്‍ സെക്കന്‍ഡറി പ്രവേശന തീയതി വീണ്ടും നീട്ടി

തിരുവനന്തപുരം: ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശന തീയതി വീണ്ടും നീട്ടി. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഈ മാസം 25 വരെയായി ദീര്‍ഘിപ്പിച്ചു. കാന്‍ഡിഡേറ്റ് ലോഗിന്‍ സൃഷ്ടിക്കാനുള്ള സമയപരിധിയും 25 വരെയായി ദീര്‍ഘിപ്പിച്ചിട്ടുണ്ട്.

അതേസമയം ഹയര്‍ സെക്കന്‍ഡറി സേ/ഇംപ്രൂവ്‌മെന്റ് പരീക്ഷ സെപ്റ്റംബര്‍ 22 മുതല്‍ ആരംഭിക്കും. ഹയര്‍ സെക്കന്‍ഡറി/വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി/ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി/ആര്‍ട്ട് ഹയര്‍ സെക്കന്‍ഡറി എന്നിവയുടെ സേ/ഇംപ്രൂവ്‌മെന്റ് പരീക്ഷകളാണ് സെപ്റ്റംബര്‍ 22ന് ആരംഭിക്കുന്നത്.

ഹയര്‍സെക്കന്‍ഡറി വിഭാഗം പരീക്ഷകളുടെ വിജ്ഞാപനം www.dhsekerala.gov.in ല്‍ പ്രസിദ്ധീകരിച്ചു. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം കുട്ടികള്‍ക്ക് അവരുടെ സ്‌കൂളുകളുമായി ബന്ധപ്പെട്ട് അപേക്ഷിക്കാം. എസ്എസ്എല്‍സി/ടിഎച്ച്എസ്എല്‍സി/എഎച്ച്എസ്എല്‍സി/എസ്എസ്എല്‍സി (ഹിയറിംഗ് ഇംപയേര്‍ഡ്)/ടിഎച്ച്എസ്എല്‍സി(ഹിയറിംഗ് ഇംപയേര്‍ഡ്) സേ പരീക്ഷകളും സെപ്റ്റംബര്‍ 22ന് ആരംഭിക്കും.

ഇതിന്റെ വിജ്ഞാപനം www.keralapareekshabhavan.in ല്‍ പ്രസിദ്ധീകരിക്കും. കൊവിഡ് പശ്ചാത്തലത്തില്‍ മേയ് 26 മുതല്‍ നടന്ന പരീക്ഷകള്‍ എഴുതാന്‍ കഴിയാതിരുന്ന കുട്ടികള്‍ക്ക് അവസരം നഷ്ടപ്പെട്ട വിഷയങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. ഇത്തരം വിദ്യാര്‍ഥികളെ റഗുലര്‍ കാന്‍ഡിഡേറ്റ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാകും പരീക്ഷാഫലം പ്രസിദ്ധീകരിക്കുക. ഡിഎല്‍എഡ് പരീക്ഷ സെപ്റ്റംബര്‍ മൂന്നാംവാരം നടത്തും. പരീക്ഷയുടെ വിശദമായ ടൈംടേബിള്‍ പിന്നീട് പ്രസിദ്ധീകരിക്കും. അതേസമയം കൊവിഡ് 19 വ്യാപനം വിലയിരുത്തിയ ശേഷം പരീക്ഷാ തീയതിയില്‍ ആവശ്യമെങ്കില്‍ മാറ്റം വരുത്തും.

Exit mobile version