‘2018-ല്‍ വിമാനത്താവള സ്വകാര്യവത്ക്കരണം എതിര്‍ത്തു; 2020-ല്‍ സ്വാഗതം ചെയ്തു’; വി മുരളീധരന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പങ്കുവെച്ച് മന്ത്രി കടകംപള്ളി; വെട്ടിലായി കേന്ദ്രമന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനം സ്വാഗതം ചെയ്ത കേന്ദ്ര സഹമന്ത്രി വി മുരളീധരനെതിരെ വിമര്‍ശിച്ച് കേരള സഹകരണ ദേവസ്വം വകുപ്പുമന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍. വിഷയത്തിലുള്ള കേന്ദ്ര മന്ത്രിയുടെ നിലപാട് മാറ്റത്തെ വിമര്‍ശിച്ചാണ് കടകംപള്ളി സുരേന്ദ്രന്‍ രംഗത്ത് വന്നത്.

2018ല്‍ തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ മേഖലയില്‍ നിലനിര്‍ത്തണം എന്നാവശ്യപ്പെട്ട് വി മുരളീധരന്റെ സാന്നിധ്യത്തില്‍ കേന്ദ്രമന്ത്രിക്ക് നിവേദനം നല്‍കിയെന്ന പോസ്റ്റും, വിമാനത്താവളം നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കിയതിനെ സ്വാഗതം ചെയ്ത് സോഷ്യല്‍ മീഡിയയില്‍ ഇട്ട പുതിയ പോസ്റ്റും ഫേസ്ബുക്കില്‍ പങ്കുവെച്ചാണ് കടകംപ്പള്ളി സുരേന്ദ്രന്‍ വി മുരളീധരനെ വിമര്‍ശിച്ചത്.നിലപാട് മാറ്റത്തിന്റെ കാരണം മാത്രം വിശദീകരിച്ചു കണ്ടില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അദാനി ഗ്രൂപ്പിന് തിരുവനന്തപുരം വിമാനത്താവളം 50 വര്‍ഷത്തേക്ക് ലീസിന് നല്‍കാനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. വിമാനത്താവള നടത്തിപ്പ് ഏറ്റെടുക്കാമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം തള്ളിക്കളഞ്ഞാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത്. അതേസമയം തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് അദാനിക്ക് കൈമാറുന്നതിനെതിരെ നിയമസഭയില്‍ പ്രമേയം കൊണ്ടുവരും. മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗത്തിലാണ് തീരുമാനമുണ്ടായത്. കേസില്‍ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും സര്‍വകക്ഷി യോഗത്തില്‍ ആവശ്യമുയര്‍ന്നു.

Exit mobile version